തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാലുവയസുകാരി ബന്ധുവില്‍ നിന്ന് നേരിട്ടത് ക്രൂര പീഡനം. കുട്ടി മരിക്കുന്നതിന്റെ തലേദിവസവും പീഡിപ്പിക്കപ്പെട്ടതായാണ് വിവരം. കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിലെ മുറിവ് പ്രതിയുടെ ലൈംഗിക വൈകൃതങ്ങളുടെ തെളിവാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതേസമയം എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ കുഞ്ഞിന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചു.
കുഞ്ഞിനെ പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു. പ്രതി കുട്ടിയുടെ വീടിനടുത്താണ് താമസിച്ചിരുന്നത്. പലപ്പോഴും ഇയാള്‍ കുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുവരുകയും കുട്ടി പലപ്പോഴും ഇയാള്‍ക്കൊപ്പമാണ് ഉറങ്ങിയിരുന്നതെന്നും വിവരം പുറത്തുവരുന്നു.
കുഞ്ഞിന് രണ്ടര വയസുള്ളപ്പോള്‍ മുതല്‍ ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയതായാണ് വിവരം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ ഏറെ നിര്‍ണായകമായത്. അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസായി അറിയപ്പെട്ട സംഭവം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമാണ് മറ്റൊരു തലത്തിലേക്ക് എത്തിയത്. ആലുവ ഡിവൈഎസ്പി ടി ആര് രാജേഷിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റ സമ്മതം നടത്തിയത്.


