ഇടുക്കിയില്‍ കാന്‍സര്‍ ബാധിതയെ കട്ടിലില്‍ കെട്ടിയിട്ട് കവര്‍ച്ച നടത്തിയതായി പരാതി. കീമോതെറാപ്പിക്ക് ശേഷം വിശ്രമത്തിലായിരുന്ന അടിമാലി സ്വദേശി കളരിക്കല്‍ ഉഷയ്ക്ക് നേരെയാണ് അക്രമം. വായില്‍ തുണി തിരുകി കട്ടിലില്‍ കെട്ടിയിട്ട ശേഷം ചികിത്സയ്ക്കായി കരുതിയ 16,000 രൂപ കവര്‍ച്ച നടത്തുകയായിരുന്നു.
ഇന്ന് രാവിലെ ഏഴ് മണിയോടെ അടിമാലി വിവേകാനന്ദ നഗറിലാണ് സംഭവം. ഉഷയും ഭര്‍ത്താവും മകളുമാണ് കവര്‍ച്ച നടന്ന വീട്ടില്‍ താമസിച്ചിരുന്നത്. സംഭവ ദിവസം ഉഷയുടെ മകളും ഭര്‍ത്താവും വീട്ടിലുണ്ടായിരുന്നില്ല. ഉഷയെ കട്ടിലില്‍ കെട്ടിയിട്ട ശേഷം വായില്‍ തുണി തിരുകുകയായിരുന്നു. പിന്നാലെ പേഴ്സിലുണ്ടായിരുന്ന ചികിത്സയ്ക്കായി സമാഹരിച്ച പണമുള്‍പ്പടെയുള്ള 16,000 രൂപ കവര്‍ച്ച നടത്തി. അയല്‍ക്കാരെത്തിയാണ് ഉഷയെ കട്ടിലില്‍ നിന്ന് കെട്ടഴിച്ച് വിട്ടത്.
പിന്നാലെ പൊലീസിനെ വിവരം അറിയിച്ചു. സംഭവം നടന്ന വിവേകാന്ദ നഗറില്‍ മോഷണം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. മോഷണം നടത്തിയത് അടുത്തറിയാവുന്ന ആളാണെന്ന സംശയത്തിലാണ് പൊലീസ്.


