തെല്‍അവിവ്: ഗസ്സയില്‍ നടക്കുന്ന ആക്രമണങ്ങള്‍ കുറയ്ക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ഇസ്രാഈലി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗസ്സ സമാധാന പദ്ധതിയിലെ പല നിര്‍ദേശങ്ങളും ഹമാസ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഇസ്രാഈലിന്റെ തീരുമാനം.
നെതന്യാഹുവിന്റെ ഓഫീസിന്റെ വിവരമനുസരിച്ച്, ട്രംപിന്റെ ഇരുപതിന പദ്ധതിയുടെ ആദ്യഘട്ടം ഉടന്‍ നടപ്പാക്കും. ”ബന്ദികളെ മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനും യഥാര്‍ത്ഥ അവസരമാണിത്” എന്ന് ഇസ്രാഈല്‍ പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ് പറഞ്ഞു. കരാറിന്റെ വിശദാംശങ്ങള്‍ അന്തിമമാക്കാന്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഔദ്യോഗികമായി ഇസ്രാഈല്‍ പങ്കാളിയാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ചില വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും ഹമാസ് അറിയിച്ചു. സമാധാനത്തിന് ഹമാസ് തയ്യാറാണെന്നും, ഇസ്രാഈല്‍ ഉടന്‍ വെടിനിര്‍ത്തലിന് തയ്യാറാകണമെന്നും ട്രംപ് നിര്‍ദ്ദേശിച്ചു. ”സമാധാന വഴിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതിന് എല്ലാവര്ക്കും നന്ദി” എന്ന് ട്രംപ് പ്രതികരിച്ചു. ഹമാസിന്റെ നിലപാടില്‍ ഗസ്സയില്‍ ആഘോഷപ്രകടനങ്ങള്‍ അരങ്ങേറി.


