ദസറ ദിനമായ വ്യാഴാഴ്ച ‘വിസര്‍ജന്‍ ശോഭാ യാത്ര’യ്ക്കിടെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) കാമ്പസില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷം. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ എബിവിപി പ്രവര്‍ത്തകരും ഇടത് സംഘടനാപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ഥി നേതാവ് ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ് എന്നിവരുടെ ചിത്രം പതിച്ച രാവണരൂപവുമായി എബിവിപി എത്തിയതാണ് സംഘര്‍ഷത്തിന് കാരണം. ജെഎന്‍യുവിലെ സബര്‍മതി ടീ പോയിന്റില്‍ വെച്ച് ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.
ജയിലില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദിനെയും നിലവില്‍ വിചാരണ നേരിടുന്ന ഷര്‍ജീല്‍ ഇമാമിനെയും രാവണനായി ചിത്രീകരിച്ച് രാവണ്‍ ദഹനെക്കുറിച്ചുള്ള ഒരു പോസ്റ്റര്‍ നേരത്തെ പ്രചരിപ്പിച്ചിരുന്നുവെന്ന് ജെഎന്യുഎസ്യു പ്രസിഡന്റ് നിതീഷ് കുമാര്‍ പറഞ്ഞു.
ദസറ ദിനമായ വ്യാഴാഴ്ച ‘വിസര്‍ജന്‍ ശോഭാ യാത്ര’യ്ക്കിടെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) കാമ്പസില്‍ രണ്ട് കൂട്ടം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.
എബിവിപി സംഘം തങ്ങളുടെ ഡിജെയെ ചായക്കടയില്‍ അരമണിക്കൂറോളം തടഞ്ഞുനിര്‍ത്തി ‘ജയ് ശ്രീറാം’, ‘യോഗി ജിയുടെ ബുള്‍ഡോസര്‍ നീതി അവിടെ’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതിന് ശേഷം അവര്‍ ‘ചെരിപ്പുകള്‍ വീശാന്‍’ തുടങ്ങിയെന്ന് ജെഎന്യുഎസ്യു പ്രസിഡന്റ് നിതീഷ് കുമാര്‍ പറഞ്ഞു.
മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തില് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് എന്തിനാണെന്നും രാജ്യത്തെ കുറിച്ച് ആധിയുണ്ടായിരുന്നെങ്കില്‍ രാവണന്റെ തലയായി ഗോഡ്സേയുടെ ചിത്രമായിരുന്നു പതിക്കേണ്ടിയിരുന്നതെന്നും വിദ്യാര്‍ഥി യൂണിയന് കുറ്റപ്പെടുത്തി. ഇടത് വിദ്യാര്‍ഥി സംഘടനകള്‍കൂടി ക്യാമ്പസിനകത്ത് പ്രതിഷേധവുമായി ഒത്തുചേര്‍ന്നതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രതിഷേധം സംഘടിപ്പിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇടത് വിദ്യാര്‍ഥി സംഘടനകള്‍ സര്‍വകലാശാലയെ സമീപിച്ചു. വിഷയത്തില്‍ സര്‍വകലാശാല ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
2020ലെ ഡല്‍ഹി കലാപത്തിന്റെ ഗൂഢാലോചന ആരോപിച്ച് ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം തുടങ്ങി നിരവധി പേര്‍ക്കെതിരെ മുന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ക്കൊപ്പം യുഎപിഎ ചുമത്തിയിരുന്നു.
പൗരത്വ (ഭേദഗതി) നിയമത്തിനും (സിഎഎ), ദേശീയ പൗരത്വ രജിസ്റ്ററിനും (എന്‍ആര്‍സി) എതിരായ പ്രതിഷേധങ്ങള്‍ക്കിടയിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
ഖാലിദിന്റെയും ഇമാമിന്റെയും മറ്റുള്ളവരുടെയും ജാമ്യാപേക്ഷയില്‍ പ്രതികരണം തേടി കഴിഞ്ഞയാഴ്ച സുപ്രീം കോടതി ഡല്‍ഹി പോലീസിന് നോട്ടീസ് അയച്ചിരുന്നു.
എല്ലാ കുറ്റങ്ങളും നിഷേധിച്ച പ്രതികള്‍ 2020 മുതല്‍ ജയിലില്‍ കഴിയുകയും വിചാരണക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയും ചെയ്തു.


