ഗസ്സയിലേക്ക് സഹായ ഹസ്തവുമായി യാത്ര തിരിച്ച ഗ്ലോബല്‍ സുമൂദ് ഫ്ലോട്ടിലക്കെതിരായ ഇസ്രാഈലിന്റെ അതിക്രമത്തെ അപലപിച്ച് ഇറാന്. ഫലസ്തീനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള മാനുഷിക ശ്രമങ്ങളെ അടിച്ചമര്‍ത്താനുള്ള ഇസ്രാഈലിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നവും ഭീകരവുമായ ലംഘനമാണെന്ന് ഇറാന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഗായ് പറഞ്ഞു.
ഫ്ലോട്ടിലയിലെ 13 സഹായ കപ്പലുകള്‍ ഇസ്രാഈല്‍ പിടിച്ചെടുത്തിരുന്നു. ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവരെ ഇസ്രാഈല്‍ സൈന്യം തടവിലാക്കുകയും ചെയ്തിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആക്ടിവിസ്റ്റുകളുടെയും സാമൂഹിക സംഘങ്ങളുടെയും മാനുഷിക ശ്രമങ്ങളെ ഇറാന് വിദേശകാര്യ മന്ത്രി പ്രശംസിച്ചു. ഫലസ്തീനൊപ്പം നില്‍ക്കേണ്ട സമയമാണിതെന്നും ഒറ്റക്കെട്ടായി ഈ ഉപരോധം തകര്‍ക്കാനാകുമെന്നും ഇസ്മയില്‍ ബഗായ് പറഞ്ഞു.
പുറംലോകവുമായുള്ള കപ്പലിന്റെ ആശയവിനിമയമായ തത്സമയ സംപ്രേഷണം ഇസ്രാഈല്‍ തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. 2023 ഒക്ടോബര്‍ മുതല്‍ തുടരുന്ന ഇസ്രാഈലിന്റെ വംശഹത്യയില്‍ കനത്ത നാശനഷ്ടങ്ങള്‍ നേരിടുന്ന ഫലസ്തീന് പിന്തുണ അറിയിച്ചുകൊണ്ട് മാനുഷീക സഹായങ്ങളുമായാണ് സുമൂദ് ഫ്ലോട്ടില ഗസ്സയിലേക്ക് അടുക്കുന്നത്.


