തിരുവനന്തപുരം: സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. പെരിയാര്‍ ഈസ്റ്റ് ഡിവിഷനിലെ തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ഇ. സിബിയും വള്ളക്കടവ് റേഞ്ച് ഓഫീസര്‍ അരുണ്‍ കെ. നായരും സസ്പെന്‍ഷനില്‍.
‘ഓപ്പറേഷന് വനരക്ഷ’ എന്ന പേരില്‍ ശനിയാഴ്ച രാവിലെയാണ് സംസ്ഥാന വ്യാപകമായി വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. ലാന്‍ഡ് എന്‍ഒസി, മരംമുറി അനുമതി തുടങ്ങി നിരവധി ഇടപാടുകളില്‍ വന്‍ അഴിമതി നടന്നതായി കണ്ടെത്തി.
വള്ളക്കടവ് റേഞ്ച് ഓഫീസറുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളില്‍ കരാറുകാരന് 72 ലക്ഷം രൂപ നിക്ഷേപിച്ചതായും, അതേ കരാറുകാരന് തേക്കടി റേഞ്ച് ഓഫീസര്‍ നല്കിയ അക്കൗണ്ടുകളില്‍ 31 ലക്ഷം രൂപ അടിച്ചുകയറ്റിയതായും പരിശോധനയില്‍ വ്യക്തമായി.
ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗൗരവമായ കൃത്യവിലോപം നടന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതോടെ ഇരുവരെയും സസ്പെന്‍ഡ് ചെയ്തു. ”കുറ്റക്കാരെ ആരെയും സംരക്ഷിക്കില്ല; തെറ്റ് ചെയ്താല്‍ ഉയര്‍ന്ന പദവിയിലുള്ളവര്‍ക്കും നടപടി നേരിടേണ്ടിവരും” എന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന് വ്യക്തമാക്കി.


