ഏഷ്യാകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ചാമ്പ്യന്‍സ് ആയതിനു ശേഷം, വരുണ്‍ ചക്രവര്‍ത്തി സോഷ്യല്‍ മീഡിയയില്‍ വേറിട്ട ആഘോഷം പങ്കുവെച്ചു. കിടക്കയില്‍ കാപ്പിക്കപ്പ് കൈക്കുള്ളിലാക്കി എടുത്ത സെല്‍ഫിയോടൊപ്പം, സാങ്കല്‍പ്പിക ട്രോഫിയുമായി സംഘത്തിന്റെ വിജയാഘോഷ ചിത്രം ചേര്‍ത്തു.
പിസിബി തലവന്‍ മുഹ്സിന് നഖ്വിയുടെ ഹോട്ടലില്‍ യഥാര്‍ത്ഥ ട്രോഫി ഇരിക്കുന്നതിനെ പരിഹസിച്ച് പോസ്റ്റ് ചെയ്തത് ആണ് ശ്രദ്ധേയമായത്. ഇന്ത്യന്‍ താരങ്ങള്‍ ട്രോഫി നഖ്വിയുടെ കയ്യില്‍ നിന്ന് വാങ്ങില്ലെന്നും പകരം എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് വൈസ് ചെയര്മാന് ഖാലിദ് അല്‍ സറൂണിയില്‍ നിന്നു വാങ്ങാമെന്നും അറിയിച്ചിരുന്നെങ്കിലും, മെഡലുകളും ട്രോഫിയും നഖ്വി മടങ്ങുകയായിരുന്നു.
സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശുഭ്മന്‍ ഗില്‍, അഭിഷേക് എന്നിവരും സാങ്കല്‍പ്പിക ട്രോഫിയുമായി ചിത്രങ്ങള്‍ പങ്കുവെച്ചു. 2025 ലെ ചാംപ്യന്‍സ് ട്രോഫി സ്വന്തമാക്കിയ ശേഷവും കോഫി മഗ് ഉപയോഗിച്ച് ചക്രവര്‍ത്തി പാക്കിസ്ഥാനെ ട്രോളിയിരുന്നു. ചാംപ്യന്‍സ് ട്രോഫിയുമായി കാപ്പി കുടിക്കുന്ന ചിത്രത്തിനൊപ്പം, കപ്പിന്റെ രുചിയറിയാന്‍ കുറേ ദൂരം സഞ്ചരിച്ചുവെന്നായിരുന്നു അന്നത്തെ കുറിപ്പ്.
കിരീടനേട്ടത്തിനുശേഷം സോഷ്യല്‍ മീഡിയയില്‍ പോര് തുടര്‍ന്നു. സഞ്ജുവിനെ പുറത്താക്കിയതിന് ശേഷം തല വെട്ടി ആഘോഷിച്ച അബ്രാറിനെ, അര്‍ഷ്ദീപ്, ജിതേഷ്, ഹര്‍ഷിത് എന്നിവര്‍ ചേര്‍ന്ന് ട്രോള്‍ ചെയ്തു. കളിക്കളത്തില്‍ റൗഫിന്റെ വിമാനം ബുംറ നിലത്തിറക്കിയ സംഭവവും ആരാധകര്‍ ആഘോഷമാക്കി.


