തമിഴ്നാട്ടിലെ കരൂരില്‍ വിജയ് യുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് വിജയ്. പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് സഹായം പ്രഖ്യാപിച്ചിരുന്നത്.
‘ഇത് ഞങ്ങള്‍ക്ക് നികത്താനാവാത്ത നഷ്ടമാണ്. ആരൊക്കെ ആശ്വാസ വാക്കുകള്‍ പറഞ്ഞാലും, നമ്മുടെ പ്രിയപ്പെട്ടവരുടെ നഷ്ടം താങ്ങാനാവാത്തതാണ്. എന്നിരുന്നാലും, നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗമെന്ന നിലയില്‍, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട നമ്മുടെ ബന്ധുക്കളുടെ ഓരോ കുടുംബത്തിനും 20 ലക്ഷം രൂപ വീതവും, പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഓരോ വ്യക്തിക്കും 2 ലക്ഷം രൂപ വീതവും നല്കാന് ഞാന്‍ ഉദ്ദേശിക്കുന്നു.ഇങ്ങനെയൊരു നഷ്ടത്തിനിടയില്‍ ഈ തുകക്ക് പ്രധാന്യമില്ലെന്നറിയാം. എന്നിരുന്നാലും, ഈ അവസ്ഥയില്‍ ഒരു കുടുംബാംഗമെന്ന നിലയില്‍ നിങ്ങളോടൊപ്പം നില്‍ക്കേണ്ടത് എന്റെ കടമയാണ്..വിജയ് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
‘കരൂരില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ഭാവനയ്ക്ക് അതീതമായ വിധത്തില്‍, എന്റെ ഹൃദയവും മനസ്സും അഗാധമായ ഭാരത്താല്‍ നിറഞ്ഞിരിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ അതിയായ ദുഃഖത്തിനിടയില്‍, എന്റെ ഹൃദയത്തിലനുഭവപ്പെടുന്ന വേദന പ്രകടിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലാതെ ഞാന്‍ ബുദ്ധിമുട്ടുകയാണ്. എന്റെ കണ്ണുകളും മനസ്സും ദുഃഖത്താല്‍ മൂടപ്പെട്ടിരിക്കുന്നു. ഞാന്‍ കണ്ടുമുട്ടിയ നിങ്ങളുടെയെല്ലാം മുഖങ്ങള്‍ എന്റെ മനസ്സിലൂടെ മിന്നിമറയുന്നു. എന്റെ പ്രിയപ്പെട്ടവരെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുന്തോറും എന്റെ ഹൃദയം കൂടുതല്‍ വഴുതിപ്പോകുന്നു. നമ്മുടെ പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ദുഃഖിക്കുന്ന വേദനയോടെ എന്റെ അഗാധമായ അനുശോചനം അറിയിക്കുകയാണ്..’ വിജയ് കുറിച്ചു.
വിജയ്യുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേര് മരിച്ച സംഭവത്തില്‍ ടി.വി.കെ ജനറല്‍ സെക്രട്ടറി ആനന്ദ്, ജോയിന്റ് സെക്രട്ടറി നിര്‍മ്മല്‍ കുമാര്‍ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


