കോഴിക്കോട്: മുസ്ലിം യൂത്ത്ലീഗ് ദേശീയ കമ്മിറ്റി നടത്തുന്ന പ്രവര്‍ത്തന ഫണ്ട് സമാഹരണം ‘ഇംദാദ്’ വന്‍ വിജയമാക്കുവാന്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. അതിജീവനത്തിന്റെ രാഷ്ട്രീയത്തിന് കരുത്ത് പകരുക എന്ന പ്രമേയമുയര്‍ത്തി സെപ്തംബര്‍ 20നാണ് ക്യാമ്പയിന് ആരംഭിച്ചത്. ഓണ്‍ലൈന്‍ ആപ്പ് വഴിയാണ് ഫണ്ട് സമാഹരണം നടക്കുന്നത്. സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറി ടി.പി അഷ്റഫലി ക്യാമ്പയിന് വിശദീകരിച്ചു. സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ നന്ദി പറഞ്ഞു.
ഇംദാദ് ഫണ്ട് ക്യാമ്പയിന് വിജയിപ്പിക്കുന്നതിനായി ശാഖാ തലങ്ങളില്‍ ഒക്ടോബര്‍ 1, 2 തിയ്യതികളില്‍ സ്പെഷ്യല്‍ കലക്ഷന്‍ ഡ്രൈവ് നടത്താന്‍ സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. ഗൃഹസമ്പര്‍ക്കം നടത്തിയും കടകളും കവലകളും കേന്ദ്രീകരിച്ചുമാണ് ഫണ്ട് സമാഹരണം നടത്തേണ്ടത്. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍ സെപ്തംബര്‍ 28നുള്ളിലും ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ സെപ്തംബര്‍ 29നുള്ളിലും മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങള്‍ സെപ്തംബര്‍ 30നുള്ളിലും ക്യാമ്പയിനില്‍ പങ്കാളികളാവണം. ഇംദാദ് ക്യാമ്പയിനിന്റെ ഇവാലുവേഷന്‍ യോഗം നാളെ (ഞായറാഴ്ച) ജില്ലാ തലങ്ങളില്‍ ഓണ്‍ലൈനായി ചേരും. ജില്ലാ കമ്മറ്റി അംഗങ്ങളും പഞ്ചായത്ത് പ്രസിഡണ്ട് – ജനറല്‍ സെക്രട്ടറിമാരുമാണ് യോഗത്തില്‍ പങ്കെടുക്കേണ്ടത്. യോഗത്തില്‍ ദേശീയ, സംസ്ഥാന കമ്മറ്റി നിരീക്ഷകന്മാര് പങ്കെടുക്കും. ദേശീയ തലത്തില്‍ യൂത്ത് ലീഗിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനായി വിവിധ പദ്ധതികളാണ് ദേശീയ കമ്മറ്റി ആസൂത്രണം ചെയ്തിട്ടുള്ളത് ഇതിന് കരുത്ത് പകരാനും ഉത്തരേന്ത്യയിലെ സംഘടന മുന്നേറ്റത്തിന് ഊര്‍ജ്ജം നല്‍കാനും ക്യാമ്പയിന് പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഏറ്റെടുക്കാന്‍ യോഗം കീഴ്ഘടകങ്ങളോട് അഭ്യര്‍ത്ഥിച്ചു. സംസ്ഥാന ഭാരവാഹികളായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷറഫ് എടനീര്‍, കെ.എ മാഹീന്, സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍, അഡ്വ. ഫാത്തിമ തെഹ്ലിയ, ദേശീയ ഭാരവാഹികളായ അഡ്വ. ഷിബു മീരാന്‍, സാജിദ് നടുവണ്ണൂര്‍, സി.കെ ശാക്കിര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


