തമിഴ്നാട് തിരുനെല്‍വേലി എര്‍വാടിയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളില്‍ ബാഗില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന അരിവാളുപയോഗിച്ച് സഹപാഠിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി. കുട്ടികള്‍ തമ്മില്‍ ബുധനാഴ്ച നടന്ന വാക്കുതകര്ക്കത്തെ തുടര്‍ന്നാണ് ഒരു കുട്ടി മറ്റൊരു കുട്ടിയെ ആക്രമിച്ചതെന്നും പൊലീസ് പറയുന്നു.
അതേസമയം, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടിക്കാണ് പരിക്കേറ്റതെന്നും ആക്രമിച്ചത് ഉന്നതജാതിയില്‍പ്പെട്ട കുട്ടിയാണെന്നും പൊലീസ് പറയുന്നു. എന്നാല്‍ കുട്ടികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന് ഇതുമായി ബന്ധമില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പരിക്കേറ്റ വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ പുറകില്‍ നിരവധി തുന്നലുകളുണ്ടെന്നും ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു വിദ്യാര്‍ഥിക്ക് നിസ്സാരമായി പരിക്കേറ്റെന്നും പൊലീസ് പറയുന്നു. പ്രധാനാധ്യാപകന്റെ പതിവ് പരിശോധനയ്ക്ക് മുമ്പാണ് കുട്ടി സ്കൂള്‍ ബാഗില്‍ അരിവാള്‍ ഒളിപ്പിച്ച് ക്ലാസിലേക്ക് എത്തിയതെന്ന് വിദ്യാഭ്യാസ ഓഫീസര്‍ എം. ശിവകുമാര്‍ പറഞ്ഞു.
പരിക്കേറ്റ വിദ്യാര്‍ഥിയുടെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടുവെന്നും മാതാവ് ഭിന്നശേഷിക്കാരിയുമാണെന്ന് അധ്യാപകര്‍ പറഞ്ഞു. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം, കുട്ടിയെ ഹോസ്റ്റലിലേക്ക് തിരിച്ചയച്ചു.
വെട്ടിപ്പരിക്കേല്‍പ്പിച്ച കുട്ടിയെ ചോദ്യം ചെയ്യലിനുശേഷം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുകയും നിരീക്ഷണ കേന്ദ്രത്തിലേക്ക് അയയ്ക്കുകയും ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.
വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തടയാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് സ്കൂള്‍ വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമൊഴി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


