കൊച്ചി: നടന് അമിത് ചക്കാലക്കലിന്റെ വീട്ടില്‍ നിന്ന് രണ്ട് ആഡംബര വാഹനങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ഉടന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അമിത്തിന് നോട്ടീസും നല്‍കിയിട്ടുണ്ട്. ഭൂട്ടാനില്‍ നിന്ന് ഇറക്കുമതി തീരുവ അടയ്ക്കാതെ ഇന്ത്യയില്‍ എത്തിച്ച വാഹനങ്ങള്‍ക്കെതിരെയുള്ള വന്‍ പരിശോധനയുടെ ഭാഗമായാണ് നടപടി.
അമിത് ചക്കാലക്കല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. സമന്‍സ് സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പൊലീസ് സഹായത്തോടെയാണ് പരിശോധന നടത്തിയത്. വാഹനങ്ങളുടെ രേഖകള്‍ പരിശോധിച്ച ശേഷം നിയമാനുസൃതമാണെന്ന് തെളിഞ്ഞാല്‍ തിരിച്ചുനല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇതിനോടകം നടന്മാരായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന്, മമ്മൂട്ടി എന്നിവരുടെ വീടുകളിലും പരിശോധന നടന്നിട്ടുണ്ട്. ഭൂട്ടാന് പട്ടാളം ഉപേക്ഷിച്ച വാഹനങ്ങള്‍ ഇറക്കുമതി തീരുവ ഒഴിവാക്കി കൈവശപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്നാണ് ‘ഓപ്പറേഷന് നുംഖോര്‍’ നടപ്പിലാക്കുന്നത്.
കൊച്ചി, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലായി നടന്ന പരിശോധനയില്‍, മമ്മൂട്ടിയുടെ പനമ്പിള്ളി നഗരത്തിലെ വീടുകളും ഉള്‍പ്പെട്ടു. 2010 ലെ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ദുല്‍ഖര്‍ സ്വന്തമാക്കിയതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ രണ്ട് വാഹനങ്ങള്‍ ഇതിനോടകം കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്.


