മുഖ്യമന്ത്രി പിണറായി വിജയനെയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി മുന്‍ തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ. ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി വിജയന് ഭഗവദ് ഗീതയെ കുറിച്ച് ക്ലാസ് എടുക്കുന്നുവെന്ന് തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ ആരോപിച്ചു. ആഗോള അയ്യപ്പ സംഗമത്തിനു ബദലായി പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
സനാതന ധര്‍മത്തെ തര്‍ക്കാന്‍ ശ്രമിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെയാണ് കേരള സര്‍ക്കാര്‍ ആഗോള അയ്യപ്പ സംഗമത്തിനു ക്ഷണിച്ചതെന്നും അണ്ണാമലൈ ആരോപിച്ചു. ഗണപതി മിത്ത് എന്ന് പറഞ്ഞവര്‍ ക്ലാസെടുക്കുന്നുവെന്നും അണ്ണാമലൈ പറഞ്ഞു.
എങ്ങനെ ഉള്ളവര്‍ നരകത്തില്‍ പോകും എന്ന് ഭഗവത് ഗീതയില്‍ പറയുന്നുണ്ട്. അതിന് യോഗ്യത ഉള്ള ആളാണ് പിണറായി വിജയനെന്നും അണ്ണാമലൈ ആരോപിച്ചു.
‘ഒരു രാജാവിനെ സംബന്ധിച്ച് ആളുകളോട് ചെയ്യുന്ന ദ്രോഹം നിയമം ദുരുപയോഗം ചെയ്യുന്നതാണ്. അത് കൊലയാളി ചെയ്യുന്നതിനേക്കാള്‍ ക്രൂരമാണ്. കൊലയാളിക്ക് ലഭിക്കുന്നതിനേക്കാള്‍ ശിക്ഷ രാജാവിന് കിട്ടണം- തിരുവള്ളുവര്‍ , 2018-19 കാലത്ത് പിണറായി വിജയന് പന്തളത്ത് എന്താണ് ചെയ്തത്. കയ്യില്‍ അധികാരമുള്ളതിനാല്‍ ലക്ഷണക്കണക്കിന് അയ്യപ്പ ഭക്തരോട് എന്തൊക്കെ പ്രശ്നങ്ങളുണ്ടാക്കി. ഒരു രാജാവ് ചെയ്യേണ്ട എല്ലാ തെറ്റും പിണറായി വിജയന് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഭഗവത് ഗീതയുടെ ക്ലാസ് നമുക്ക് എടുക്കേണ്ട’
‘കയ്യില്‍ അധികാരം ഉണ്ടെന്ന ആത്മവിശ്വാസത്താല്‍ പിണറായി അക്രമം പ്രവര്‍ത്തിച്ചു. ദയവായി ഭഗവത്ഗീതയെ ഉദ്ധരിക്കരുത്. പരശുരാമന് മിത്ത് ആണെന്ന് ജയരാജന് പറഞ്ഞു. ജി സുധാകരനാണ് പറഞ്ഞത് വാമനന് മിത്താണെന്ന്. ദൈവത്തെ കരുവാക്കി ഇവര്‍ പണം ഉണ്ടാക്കുന്നു. അയ്യപ്പനെ വെറുതെ വിടണം. അയ്യപ്പന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സുപ്രീംകോടതിയിലെ സത്യവാങ്മൂലം തിരുത്തണം’, അണ്ണാമലൈ പറഞ്ഞു.
148 കോടിരൂപ ശബരിമല വികസനത്തിന് നല്‍കിയെന്ന് പിണറായി പറഞ്ഞെന്നും ശബരിമലയിലെ വരുമാനം എത്രയാണെന്നും അദ്ദേഹം ചോദിച്ചു. 1000 കോടിക്ക് മുകളിലാണ് അതെന്നും ജനങ്ങളെ പറ്റിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അവിടെ (തമിഴ്നാട്ടില്‍) ഗ്ലോബല്‍ മുരുകാ കോണ്‍ഫറന്‍സ് നടക്കുന്നുവെന്നും ഇവിടെ ഗ്ലോബല്‍ അയ്യപ്പാ കോണ്‍ഫറന്‍സ് നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ദ്വാര പാലകരെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എങ്ങനെ അയ്യപ്പനെ സംരക്ഷിക്കാന്‍ കഴിയും. കമ്മ്യൂണിസ്റ്റുകളെ അമ്പലത്തിന് പുറത്താക്കണം. നിങ്ങള്‍ ഔദാര്യമായി അല്ല ശബരിമലയ്ക്ക് പണം നല്‍കിയതെന്ന് പിണറായി വിജയന് ഓര്‍ക്കണം. അത് ഭരണഘടനയില്‍ പറയുന്നതാണ്. ഭരണഘടന നിഷ്കര്‍ശിക്കുന്നതാണ് അത്. കമ്മ്യൂണിസ്റ്റുകളുടെ മുഖത്ത് ജനങ്ങള്‍ കരിപൂശുന്ന കാലം വിദൂരമല്ല. മധുരം പൂശിയ കയ്പ്പാണ് കമ്മ്യൂണിസം. പമ്പയും പന്തളവും പിക്നിക്ക് സ്പോട്ടുകള്‍ അല്ല. കാനനവാസനായ അയ്യപ്പനെ കാണാനാണ് ആഗ്രഹം’, അണ്ണാമലൈ പറഞ്ഞു.


