ലബനനില്‍ ഇസ്രായേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര് കൊല്ലപ്പെട്ടു. തെക്കന്‍ ലബനനിലെ ബിന്ത് ജുബൈല്‍ ടൗണിലാണ് ആക്രമണമുണ്ടായതെന്നു ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒരു ബൈക്കിനും മറ്റൊരു വാഹനത്തിനും നേരെയുണ്ടായ ആക്രമണത്തില്‍ പിതാവും മൂന്നു കുട്ടികളും മരിച്ചു. അവരുടെ അമ്മയ്ക്ക് പരുക്കേറ്റു. അതേസമയം, ആക്രമണത്തില്‍ ഹിസ്ബുള്ള അംഗത്തെ വധിച്ചതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. എന്നാല്‍ സംഭവങ്ങളുമായി ബന്ധമില്ലാത്ത ഏതാനും സിവിലിയന്മാര് കൊല്ലപ്പെട്ടതായും അതില്‍ ഖേദിക്കുന്നതായും ഇതു പരിശോധിക്കുകയാണെന്നും സൈന്യം അറിയിച്ചു.
ഹിസ്ബുള്ളയെ വര്‍ഷാവസാനത്തോടെ പൂര്‍ണമായി നിരായുധീകരിക്കാനുള്ള നിര്‍ദേശം നേരത്തെ യുഎസ് ലബനന് മുന്നില്‍ വെച്ചിരുന്നു. എന്നാല്‍ ഇസ്രായേല്‍ ആക്രമണം തുടരുമ്പോള്‍ നിരായുധീകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതു പോലും പിഴവാണെന്ന് ഹിസ്ബുള്ള പ്രതികരിച്ചു.


