തിരുവനന്തപുരം: ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിച്ചതുമായി ബന്ധപ്പെട്ട് കസ്റ്റംസ് നടത്തിയ ഓപ്പറേഷന് നംഖോര്‍ സംസ്ഥാനത്ത് വ്യാപകമായി നീണ്ടു. നടന് ദുല്‍ഖര്‍ സല്‍മാന്റെ പനമ്പള്ളി നഗരത്തിലെ വീട്ടിലും, നടന് പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലുമാണ് പരിശോധന നടന്നത്. ദുല്‍ഖറിന്റെ വീട്ടിലെ പരിശോധന പൂര്‍ത്തിയായതായി കസ്റ്റംസ് അറിയിച്ചു.
പരിശോധനകളുടെ ഭാഗമായി കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 11 വാഹനങ്ങള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത വാഹനങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസിലേക്ക് മാറ്റുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വ്യവസായികളുടെയും ഇടനിലക്കാരുടെയും വീടുകള്‍, വാഹന ഷോറൂമുകള്‍ എന്നിവിടങ്ങളിലും പരിശോധനകള്‍ നടന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നാല് ഷോറൂമുകളിലും മൂന്ന് വീടുകളിലുമാണ് കസ്റ്റംസ് റെയ്ഡ് നടത്തിയത്.
കേരളത്തിലെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി വ്യാപക പരിശോധനകള്‍ നടന്നുവെന്നും, ഓപ്പറേഷന് സംബന്ധിച്ച് വിശദാംശങ്ങള്‍ കസ്റ്റംസ് കമ്മീഷണര്‍ വൈകുന്നേരം മാധ്യമങ്ങളെ അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
മലയാള സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ ശക്തിപ്പെടുത്തിയത്. ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ് സുകുമാരന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളില്‍ പരിശോധനകള്‍ നടന്നിട്ടുണ്ട്.


