തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ ട്രെയിനി ഉദ്യോഗസ്ഥനായ ആനന്ദിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ശക്തമാക്കാന്‍ ബറ്റാലിയന് ഡിഐജിയുടെ നിര്‍ദേശം. എസ്എപി ക്യാമ്പിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോയെന്ന് വ്യക്തമാക്കാന്‍ വനിതാ ബറ്റാലിയന് കമാന്‍ഡിനാണ് ചുമതല. വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആനന്ദിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. മേലുദ്യോഗസ്ഥരില്‍ നിന്ന് പീഡനവും ജാതി അധിക്ഷേപവും നേരിട്ടതായി സഹോദരന് അരവിന്ദ് പൊലീസില്‍ നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഹവില്‍ദാര്‍ തസ്തികയിലുള്ള ബിപിന്റെ ഭാഗത്തുനിന്നും മോശമായ അനുഭവങ്ങള്‍ ഉണ്ടായതായും കൈയിലെ മുറിവ് സംശയകരമാണെന്നും കുടുംബം ആരോപിച്ചു.
ആര്യനാട് കീഴ്പാലൂര്‍ സ്വദേശിയായ ആനന്ദ്, രണ്ടു ദിവസം മുമ്പ് കൈഞരമ്പ് മുറിച്ച് ആത്മഹത്യശ്രമം നടത്തിയിരുന്നു. പിന്നീട് ചികിത്സയ്ക്ക് ശേഷം ക്യാമ്പിലേക്ക് തിരിച്ചെത്തിയ അദ്ദേഹം വിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് തൂങ്ങി മരിച്ചത്. ജോലിഭാരവും പ്ലാത്തൂണ്‍ ലീഡര്‍ ചുമതലയും സമ്മര്‍ദത്തിന് കാരണമായെന്ന സംശയം ശക്തമാണ്.


