കണ്ണൂര്‍: മന്ത്രിമാരെ ‘ബഹുമാനപ്പെട്ട’ എന്ന് അഭിസംബോധന ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ പരിഹസിച്ചുകൊണ്ട് എഴുത്തുകാരന് ടി. പത്മനാഭന്. ”ബഹുമാനപ്പെട്ട എന്ന് പറഞ്ഞേ പറ്റൂ, ഇല്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരും. ജയിലില്‍ പോയാല്‍ പൊലീസുകാരുടെ ഒരു അടിക്ക് തന്നെ ചത്തു പോകും,” എന്നും അദ്ദേഹം പറഞ്ഞു.
‘സത്യത്തില്‍ ബഹുമാനമൊന്നുമില്ല. നിയമം അനുശാസിക്കുന്നത് കൊണ്ട് മാത്രം ബഹുമാനപ്പെട്ട എന്ന് പറയുന്നു’, എന്നും പത്മനാഭന് അഭിപ്രായപ്പെട്ടു. എലപ്പുള്ളിയില്‍ ബ്രൂവറി സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മറ്റ് സംസ്ഥാനങ്ങള്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനിക്കാണ് സര്‍ക്കാര്‍ ബ്രൂവറി അനുമതി നല്‍കിയതെന്നും, പദ്ധതി നടപ്പിലായാല്‍ കുടിവെള്ളം കിട്ടാതെ വരുമെന്നും മറ്റേ കുടിക്ക് വെള്ളം കിട്ടുമെങ്കിലും മനുഷ്യന് കുടിക്കാന്‍ വെള്ളം കിട്ടില്ല’, അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 30ന് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരമാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ പരാതികള്‍ക്കും അപേക്ഷകള്‍ക്കും മറുപടി നല്കുമ്പോള് മന്ത്രിമാരെ ‘ബഹുമാനപ്പെട്ട’ എന്ന് അഭിസംബോധന ചെയ്യണമെന്ന് നിര്‍ദേശിച്ചത്.


