ചേലക്കരയില്‍ കോണ്‍ഗ്രസിന്റെ കൊടിമരം മോഷണം പോയെന്ന പരാതിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സംഭവത്തില്‍ മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊടിമരം കൊണ്ട് പോകുന്നത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. ഈ മാസം 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം റിധിന്‍, ചേലക്കര ഏരിയ പ്രസിഡന്റ് ശ്രുതികേഷ്, വള്ളത്തോള്‍ നഗര്‍ ഏരിയ സെക്രട്ടറി കണ്ണന് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ചേലക്കര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വിനോദ് പന്തലാടിയുടെ പരാതിയിലാണ് ചേലക്കര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. പൊതുസമാധാന ലംഘനവും, ലഹളയും ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൊടിമരം എടുത്തുകൊണ്ടുപോയതെന്നും, മുന്‍പ് കെഎസ്യുവിന്റെ കൊടിയും ഇത്തരത്തില്‍ ആരോ എടുത്തുകൊണ്ടുപോയതായി പരാതിയുള്ളതായും എഫ്ഐആറില്‍ പറയുന്നു.


