ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി സൊഹ്റാന് മംദാനിക്ക് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുളിന്റെ പിന്തുണ. ”ഇന്ന് രാത്രി ഞാന്‍ അസംബ്ലിമാന്‍ സൊഹ്റാന് മംദാനിയെ പിന്തുണക്കുന്നു. പ്രസിഡന്റിന്റെ തീവ്ര അജണ്ടകള്‍ക്കെതിരെ നാം ഒരുമിച്ച് പോരാടും,” എന്ന് ഹോച്ചുള്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച അഭിപ്രായ ലേഖനത്തില്‍ വ്യക്തമാക്കി.
ഈ പ്രഖ്യാപനം നിലവിലെ മേയര്‍ എറിക് ആഡംസിനും മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയ്ക്കും തിരിച്ചടിയായി. ഇരുവരും പൊതുതെരഞ്ഞെടുപ്പില്‍ മംദാനിക്കെതിരെ സ്വതന്ത്രരായി മത്സരിക്കുന്നവരാണ്. ഡെമോക്രാറ്റിക് പ്രൈമറിയില്‍ ക്യൂമോയെ തോല്‍പ്പിച്ച മംദാനി നഗരത്തിന്റെ ഭരണത്തില്‍ വലിയ ചലനം സൃഷ്ടിച്ചിരുന്നു. വാടക മരവിപ്പിക്കല്‍, സൗജന്യ ശിശു സംരക്ഷണം, നഗരത്തിന് കീഴില്‍ പലചരക്ക് കടകള്‍ തുടങ്ങി ജനകീയ വാഗ്ദാനങ്ങളാണ് അദ്ദേഹത്തിന്റെ പ്രധാന മുദ്രാവാക്യങ്ങള്‍.
എന്നാല്‍ സമ്പത്ത് നികുതി, കോര്‍പ്പറേറ്റ് നികുതി വര്‍ധന എന്നിവ സംബന്ധിച്ച നിലപാടുകള്‍ വാള്‍സ്ട്രീറ്റിനെയും ബിസിനസ് മേഖലയെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. അതേസമയം, നികുതി വര്‍ധന ഭരണകൂടത്തിന്റെ അനുമതിയില്ലാതെ സാധ്യമല്ലെന്നും, താന്‍ പുതിയ ലെവികള്‍ ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഹോച്ചുള്‍ വ്യക്തമാക്കി.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പലവട്ടം മംദാനിയെ വിമര്‍ശിച്ചിട്ടുണ്ടെന്നും, ഒരിക്കല്‍ അദ്ദേഹത്തെ ”കമ്മ്യൂണിസ്റ്റ് ഭ്രാന്തന്” എന്ന് വിളിച്ചിട്ടുമുണ്ട്.


