ചേര്‍ത്തല: ട്രെയിനില്‍ കടത്തുകയായിരുന്ന 31 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. പശ്ചിമബംഗാള്‍ സ്വദേശികളായ രണ്ട് യുവാക്കളെയും പ്രായപൂര്‍ത്തിയാകാത്ത ഒരാളെയും അറസ്റ്റ് ചെയ്തു. മൊത്തവില്പനയ്ക്കായി എത്തിച്ചതാണെന്ന് എക്സൈസ് അറിയിച്ചു.
ചെന്നൈഎഗ്മോര്‍ ട്രെയിനില്‍ കഞ്ചാവ് കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സി.ഐ ടി.എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 26 കിലോ കഞ്ചാവ് പിടിച്ചത്. ശേഷിക്കുന്ന അഞ്ചുകിലോ മറ്റൊരു പ്രതിയില്‍നിന്ന് വീണ്ടെടുത്തു.
അജ്റുല്‍ മുള്ള (35), സീമൂള്‍ (18) എന്നിവരാണ് പിടിയിലായവര്‍. ഇവര്‍ കൈയ്യില്‍ കരുതിയിരുന്ന വലിയ ഹാന്‍ഡ് ബാഗിലായിരുന്നു 27 പാക്കറ്റുകളിലായി കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കിലോയ്ക്ക് ഏകദേശം 40,000 രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസ് രജിസ്റ്റര്‍ ചെയ്തു. കഞ്ചാവ് എവിടെ നിന്നാണ് എത്തിച്ചതെന്നും പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തെക്കുറിച്ചും എക്സൈസ് അന്വേഷണം തുടരുന്നു.


