ക്രൈസ്തവര്‍ക്കെതിരായ ആര്‍എസ്എസ് വാരിക കേസരിയിലെ ലേഖനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപിക. ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടേണ്ട എന്ന തലക്കെട്ടിലാണ് ദീപികയുടെ മുഖപത്രം.
ഭരണഘടനയെ വേണ്ടിവന്നാല്‍ മാറ്റി എഴുതണമെന്നാണ് ലേഖനത്തിന്റെ അവസാനവാക്യം. ലേഖനത്തില്‍ ഉടനീളം വ്യാജ വിവരങ്ങളും നുണകളുമാണ് ഉള്ളതെന്നും കേരളത്തില്‍ മാത്രം ക്രൈസ്തവരെ തുല്യ പൗരന്മാരായി കാണുന്ന ബിജെപി ഇതിന് മറുപടി പറയണമെന്നും ദീപിക മുഖപത്രത്തില്‍ എഴുതി. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ബിജെപി സംസ്ഥാനങ്ങള്‍ പാസാക്കുന്ന മതപരിവര്‍ത്തന നിരോധന നിയമങ്ങളുടെ ഭരണഘടന സാധുത ചോദ്യം ചെയ്യണമെന്നും ദീപിക മുഖപത്രത്തില്‍ പറയുന്നു.
‘ആഗോളമതപരിവര്‍ത്തനത്തിന്റെ നാള്‍വഴികള്‍’ എന്ന ലേഖനം ഇഴഞ്ഞ് അവസാന വരികളിലെത്തിയപ്പോഴാണ് വിഷദംശനം: ‘വേണ്ടിവന്നാല്‍ ഭരണഘടന ഭേദഗതി ചെയ്യണം’. അതാണു കാര്യം. ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രം. കേരളത്തില്‍ ക്രൈസ്തവരുടെ തോളിലേക്കു കൈ നീട്ടി നില്ക്കുന്ന ബിജെപിയുടെ മറുകൈ എവിടെയാണെന്നു മനസിലാകാത്തവര്‍ക്കും മനസിലായില്ലെന്നു നടിക്കുന്ന ഇടനിലക്കാര്‍ക്കും മതരാഷ്ട്ര-മനുസ്മൃതി സ്വപ്നങ്ങള്‍ തുടരാം. മറ്റുള്ളവര്‍ സ്വാതന്ത്ര്യസമര-ദേശസ്നേഹ പൈതൃക ത്തില്‍ ഉരുത്തിരിഞ്ഞ ഇന്ത്യന്‍ ഭരണഘടനയെ കൈവിടില്ല. ഘര്‍ വാപ്പസിക്കാരുടെ മതപ രിവര്‍ത്തന നിരോധന ബില്ലുകളുടെ ഭരണഘടനാവിരുദ്ധത ചോദ്യം ചെയ്യപ്പെടണമെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കേസരിയിലെ ലേഖനം വിഷലിപ്തമാണെന്ന് ദീപിക എഡിറ്റോറിയലില്‍ വിമര്‍ശിച്ചു. ഘര്‍വാപ്പസിക്കാരുടെ മതപരിവര്‍ത്തന നിരോധന ബില്ലുകളുടെ ഭരണഘടനാ വിരുദ്ധത ചോദ്യം ചെയ്യപ്പെടണം. ഭരണഘടനയെ നോക്കുകുത്തിയാക്കിയാണ് ഈ സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തന ബില്ലുകള്‍ ചുട്ടെടുക്കുന്നതെന്ന് ദീപികയില്‍ വിമര്‍ശനം.
വിദേശഫണ്ടിനെ കുറിച്ച് ഓര്‍ത്ത് വിഷമിക്കുന്ന ലേഖകന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ ഫണ്ട് എത്തുന്ന ക്ഷേത്രങ്ങളെക്കുറിച്ച് അന്വേഷിക്കുന്നില്ലെന്ന് എഡിറ്റോറിയല്‍ ലേഖനത്തില്‍ കുറ്റപ്പെടുത്തി.
ആഗോള മതപരിവര്‍ത്തനത്തിന്റെ നാള് വഴികള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ക്രൈസ്തവര്‍ക്കെതിരെ വിമര്‍ശനമുള്ളത്. ക്രൈസ്തവ രാജ്യം സ്ഥാപിക്കാനടക്കം ശ്രമം ഉണ്ടെന്ന് ലേഖനത്തില്‍ പറയുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ്. ബിജുവാണ് ലേഖനം എഴുതിയത്.
മിഷണറിമാര്‍ മതം മാറ്റുന്നവരാണെന്നും രാജ്യവിരുദ്ധരായി മാറുന്നുവെന്നുമാണ് കേസരി വാരികയില്‍ വന്ന ലേഖനത്തില്‍ പറയുന്നത്. ഭാഷയിലും സംസ്കാരത്തിലും അധിനിവേശമുണ്ടെന്നും വിഘടനപരമായ ചിന്തയെ വളര്‍ത്തി സായുധ ഭീകരവാദത്തിലേക്ക് ആളുകളെ മിഷണറിമാര്‍ നയിക്കുകയാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. ആര്‍എസ്എസിന്റെ ക്രൈസ്തവ വിരുദ്ധത ആവര്‍ത്തിക്കുന്നതാണ് ലേഖനമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞിരുന്നു.
ഓര്‍ഗനൈസറും കേസരിയും അച്ചടിക്കുന്നത് വെറുപ്പിന്റെ കടലാസ് കഷ്ണങ്ങളിലാണ്. ക്രൈസ്തവരെ നാടിന്റെ ശത്രുപക്ഷത്ത് നിര്‍ത്താനുള്ള ആര്‍എസ്എസ് ഗൂഢലക്ഷ്യത്തെ തള്ളിക്കളയാന്‍ ബിജെപി തയ്യാറുണ്ടോയെന്നും കെസി വേണുഗോപാല്‍ ചോദിച്ചിരുന്നു. ആര്‍എസ്എസിന്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാക്കുന്നതാണ് ‘ആഗോള മതപരിവര്‍ത്തനത്തിന്റെ നാള്‍വഴികള്‍’ എന്ന തലക്കെട്ടില്‍ ആര്‍എസ്എസ് മുഖവാരിക കേസരിയില്‍ പ്രസിദ്ധീകരിച്ച ലേഖനമെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടിയിരുന്നു.


