ഖത്തറിലെ ദോഹയില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ഭരണകൂട ഭീകരതയാണെന്ന് ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ബിന്‍ ജാസിം അല്‍ഥാനി. ദോഹയിലെ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര ഉച്ചകോടിക്ക് മുന്നോടിയായുള്ള കൂടിക്കാഴ്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും കൂടിക്കാഴ്ചകള്‍ ഇല്ലാതാക്കാനേ ആക്രമണം ഉപകരിക്കൂവെന്നും ചൂണ്ടിക്കാട്ടി. ഖത്തര്‍ ഗസ്സ മധ്യസ്ഥ ചര്‍ച്ച നടത്തുമ്പോഴായിരുന്നു ഇസ്രാഈല്‍ ആക്രമണം. ഈജിപ്തും യുഎസുമായി ചേര്‍ന്ന് സമാധാന ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും സ്ഥലത്തിനു നേരെ മാത്രമല്ല, മധ്യസ്ഥ ശ്രമങ്ങള്‍ക്കു മേലാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നും പറഞ്ഞു. ഈ ആക്രമണമുഖത്ത് നിശ്ശബ്ദരായിരിക്കില്ലെന്നും വ്യക്തമാക്കി.
ഇന്ന് ദോഹയിലെ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലിലാണ് അറബ് ഇസ്ലാമിക രാഷ്ട്രങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ സമ്മേളിക്കുന്നത്. ഇസ്രാഈല്‍ ആക്രമണത്തിനെതിരെ തയ്യാറാക്കിയ കരടു പ്രമേയം മന്ത്രിമാര്‍ ചര്‍ച്ച ചെയ്യുകയാണ്. സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന്, തുര്‍ക്കി വിദേശകാര്യമന്ത്രി ഹാകാന്‍ ഫിദാന്‍, പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് തുടങ്ങിയവര്‍ ഇന്നലെ വൈകിട്ടു തന്നെ ദോഹയിലെത്തിയിരുന്നു. ഇറാന് പ്രസിഡണ്ട് മസൂദ് പെസഷ്കിയാന്, തുര്‍ക്കി പ്രസിഡണ്ട് റജബ് ഉര്ദുഗാന്, ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുദാനി തുടങ്ങിയവര്‍ ഖത്തറിലെത്തിയതായി റിപ്പോര്‍ട്ടുണ്ട്.


