കോഴിക്കോട്: തിരൂർ മലയാളം സർവ്വകലാശാലക്ക് വേണ്ടി ഭൂമി ഏറ്റെടുത്തത് യു.ഡി.എഫ് ഭരണകാലത്താണെന്ന കെ.ടി ജലീലിൻ്റെ പ്രസ്താവന പച്ചക്കള്ളമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്.

2016 ഫിബ്രുവരിയിൽ യു.ഡി.എഫ് ഭരിക്കുന്ന സമയത്ത് മൂന്ന് പ്രൊപോസലുകളാണ് കളക്ടർ ഇത് സംബന്ധമായി സർക്കാറിന് സമർപ്പിച്ചത്. ഭൂ ഉടമകൾ പറഞ്ഞ 1,70,000 രൂപ വിലയിട്ട ഇപ്പോൾ ഏറ്റെടുത്ത ഭൂമി, 1,20,000 രൂപ പറയപ്പെട്ട ബെഞ്ചുമാർക്ക്, ആതവനാട് 100 ഏക്കർ ഭൂമി. ഇവയായിരുന്നു മലപ്പുറം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സർക്കാറിന് സമർപ്പിച്ച പ്രൊപോസൽ. എന്നാൽ ഇത് സംബന്ധമായി ഒരു തീരുമാനവും കാലാവധി കഴിയാറായ യു.ഡി.എഫ് സർക്കാർ എടുത്തിരുന്നില്ലെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
അക്കാലത്തെ തിരൂർ എം.എൽ.എ ആയിരുന്ന സി. മമ്മൂട്ടിയുടെ താൽപര്യ പ്രകാരമാണ് ഭൂമി ഏറ്റെടുത്തത് എന്ന ജലീലിൻ്റെ വാദവും അടിസ്ഥാനരഹിതമാണ്. ഈ ഭൂമി ഏറ്റെടുക്കുന്നതിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സി. മമ്മുട്ടി നൽകിയ അപേക്ഷക്ക് 2017 ജനുവരി 31ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിരുന്നു.
മലയാളം സർവ്വകലാശാലക്ക് രണ്ടാഴ്ച്ചക്കകം സ്ഥലം ഏറ്റെടുക്കുമെന്നുള്ള മനോരമ പത്രത്തിൽ വന്ന തൻ്റെ പ്രസ്താവന 2019 ഫിബ്രുവരി 21ന് കെ.ടി ജലീൽ തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നെന്നും ഫിറോസ് വ്യക്തമാക്കി. മുല്ലപ്പള്ളി മനക്കൽ നാരായണൻ നമ്പൂതിരി മകൻ പരമേശ്വരൻ, അഷ്ടമൂർത്തി നമ്പൂതിരി, മുല്ലപ്പള്ളി മൊയ്തീൻകുട്ടി ഹാജി, അഹമ്മദ് കുട്ടി പാറുക്കുട്ടി അമ്മ തുടങ്ങിയവരായിരുന്നു 2016 ൽ ഇടത്പക്ഷം അധികാരത്തിൽ വന്നതിന് ശേഷം കിട്ടിയ വിവരാവകാശ രേഖ പ്രകാരം ഭൂമിയുടെ ഉടമകൾ. എന്നാൽ 2017 ജൂൺ 6 ന് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഉടമകളുമായി സർക്കാർ നടത്തിയ ചർച്ചയിൽ മന്ത്രി വി. അബ്ദുറഹ്മാൻ്റെ സഹോദര പുത്രൻമാരായ ഹബീബ് റഹ്മാൻ, മുഹമ്മദ് കാസിം, ഇടത്പക്ഷ സ്ഥാനാർഥി ആയിരുന്ന ലില്ലീസ് ഗഫൂർ, സഹോദരൻമാരായ അബ്ദുൽ ജലീൽ, ജംഷീദ്, അബ്ദുൽ സലാം, യാസർ കെ.പി തുടങ്ങിയവരാണ് പങ്കെടുത്തത്.

2016 ഇടത്പക്ഷ സർക്കാർ വന്നതിന് ശേഷം ധാരണയുണ്ടാക്കി ചെറിയ വിലക്ക് സ്ഥലം വാങ്ങി കൊള്ള വിലക്ക് സർക്കാറിന് മറിച്ച് വിറ്റ കൊടും അഴിമതിക്കാണ് കെ.ടി ജലീൽ നേതൃത്വം നൽകിയതെന്നും ഫിറോസ് ആരോപിച്ചു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വിശുദ്ധനാണെന്ന് പറയുന്ന കെ.ടി ജലീലിന് ഇതിൻ്റെ നിജസ്ഥിതി പുറത്ത് കൊണ്ടുവരാൻ വിജിലൻസ് അന്വേഷണത്തിന് തയ്യാറുണ്ടോ എന്നും ഫിറോസ് ചോദിച്ചു. അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറഞ്ഞ് ഈ വലിയ അഴിമതിയിൽ നിന്നും ഇനിയും രക്ഷപ്പെടാനാണ് കെ.ടി ജലീൽ ശ്രമിക്കുന്നതെങ്കിൽ അദ്ദേഹം നേരിട്ട് ഇടപാടിൽ പങ്കെടുത്തതിൻ്റെ തെളിവുകളിൽ വരും ദിവസങ്ങളിൽ പുറത്ത് വിടുമെന്നും ഫിറോസ് വ്യക്തമാക്കി.



