തെല്‍ അവീവ്: ഗസ്സയിലെ യുദ്ധത്തില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്ത ഫലസ്തീനികളുടെ എണ്ണം 2 ലക്ഷത്തിന് മുകളിലെത്തിയതായി മുന്‍ ഇസ്രായേലി സൈനിക മേധാവി ഹെര്‍സി ഹാലേവി വെളിപ്പെടുത്തി. സംഘര്‍ഷത്തിനിടെ ഒരിക്കലും നിയമോപദേശം മൂലം സൈനിക നടപടികള്‍ തടഞ്ഞിട്ടില്ലെന്നും അദ്ദേഹം സമ്മതിച്ചു.
17 മാസം ഐ.ഡി.എഫിനെ (ഇസ്രായേല്‍ പ്രതിരോധ സേന) നയിച്ച ഹാലേവി കഴിഞ്ഞ മാര്‍ച്ചിലാണ് ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്ത് നിന്ന് രാജിവെച്ചത്. തെക്കന്‍ ഇസ്രായേലില്‍ നടന്ന കമ്യൂണിറ്റി മീറ്റിങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ഗസ്സയിലെ 22 ലക്ഷം ജനങ്ങളില്‍ 10%ലധികം പേര്‍ക്ക് യുദ്ധത്തില്‍ മരണമോ പരിക്കോ സംഭവിച്ചതായി ഹാലേവി ചൂണ്ടിക്കാട്ടി. 2023 ഒക്ടോബര്‍ 7ന് യുദ്ധം ആരംഭിച്ചതിനു ശേഷം 64,718 പേര് കൊല്ലപ്പെടുകയും 1.63 ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.
‘ഈ യുദ്ധം ഒരിക്കലും സൗമ്യമല്ലായിരുന്നു; ആദ്യ മിനിറ്റില്‍ തന്നെ ഞങ്ങള്‍ കയ്യുറകള്‍ അഴിച്ചു,’ എന്നാണ് ഹാലേവിയുടെ അഭിപ്രായം. ഒക്ടോബര്‍ 7 ആക്രമണത്തിന് മുമ്പ് തന്നെ ഇസ്രായേല്‍ ഗസ്സയില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ പരിധിക്കുള്ളിലാണ് ഐ.ഡി.എഫ് പ്രവര്‍ത്തിക്കുന്നതെന്ന് ഹാലേവി അവകാശപ്പെട്ടു.


