ലണ്ടന്‍: മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റു സംഭവത്തില്‍ പ്രതിക്ക് യുകെ കോടതി ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചു. 34 വര്‍ഷത്തേക്ക് പരോള്‍ അനുവദിക്കരുതെന്നാണ് കോടതി ഉത്തരവ്. ടോട്ടന്‍ഹാം സ്വദേശിയായ ജാവോണ് റൈലി (33)യാണ് വെടിവെപ്പ് നടത്തിയത്.
2024 മെയ് 29നാണ് സംഭവം. വടക്കന്‍ പറവൂരിലെ ഗോതുരുത്ത് സ്വദേശികളായ അജിഷിന്റെയും വിനയയുടെയും മകള്‍ ലിസേല്‍ മരിയ (9) മാതാപിതാക്കളോടൊപ്പം റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുമ്പോഴാണ് വെടിയേറ്റത്. ബൈക്കില്‍ സഞ്ചരിച്ചെത്തിയ ജാവോണ് റൈലി ഉതിര്‍ത്ത ആറു ബുള്ളറ്റുകളില്‍ ഒന്ന് ലിസേലിന്റെ തലയില്‍ തറച്ചു.
റസ്റ്റോറന്റിന് പുറത്ത് ഉണ്ടായിരുന്ന മൂന്ന് പേരെയാണ് ലക്ഷ്യമിട്ടത്. മയക്കുമരുന്ന് സംഘര്‍ഷം പശ്ചാത്തലമായിരുന്നു വെടിവെപ്പ്. എന്നാല്‍ ആദ്യമായി വെടിയേറ്റത് നിരപരാധിയായ ലിസേലിനായിരുന്നു.
മൂന്ന് മാസം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്ന ലിസേലിന്റെ തലയില്‍ നിന്ന് വെടിയുണ്ട നീക്കം ചെയ്യാനായില്ല. ടൈറ്റാനിയം പ്ലേറ്റ് ഘടിപ്പിച്ച നിലയിലാണ് കുട്ടി ഇപ്പോള്‍ ജീവിക്കുന്നത്. ‘ഞങ്ങളുടെ മകളുടെ ജീവിതം പൂര്‍ണമായും മാറി. ഓരോ ദിവസവും ഈ വേദനയാണ് ഞങ്ങള്‍ സഹിക്കുന്നത്,’ എന്നാണ് ലിസേലിന്റെ അമ്മയുടെ വേദനാഭരിതമായ പ്രതികരണം.


