ബി.ജെ.പിയുടെ വോട്ട് കൊള്ളക്കും അസമിലെ കൂട്ട കുടിയൊഴിപ്പിക്കലിനുമെതിരെ ഡൽഹിയിൽ മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ലോക് തന്ത്ര് സംരക്ഷൺ മാർച്ചിൽ പ്രതിഷേധമിരമ്പി. ഡൽഹി, യു.പി, ഹരിയാന എന്നി സംസ്ഥാനങ്ങളിലെ നൂറ് കണക്കിന് പ്രവർത്തകരെ അണി നിരത്തി കൊണ്ട് സംഘടിപ്പിച്ച ലോക് തന്ത്ര് സംരക്ഷൺ മാർച്ച് ഉത്തരേന്ത്യയിൽ യൂത്ത് ലീഗ് നേടിയ സംഘടന വളർച്ചയുടെ വിളംബരമായി മാറി. വോട്ട് ചോരിക്കെതിരെ ബിഹാറിലെ കിഷൻ ഗഞ്ചിലടക്കം തുടർ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് നേതാക്കൾ പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം ചെയ്തു. ബിഹാറിൽ നടത്തിയ എസ് ഐ ആർ രാജ്യവ്യാപകമാക്കാനുള്ള ഇലക്ഷൻ കമ്മീഷന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സർഫറാസ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.പി അഷ്റഫലി സ്വാഗതം പറഞ്ഞു. ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ: ഷിബു മീരാൻ ആമുഖ പ്രഭാഷണവും ദേശീയ സെക്രട്ടറി സി.കെ ഷാക്കിർ നന്ദിയും പറഞ്ഞു.
കോൺഗ്രസ് രാജ്യസഭ അംഗം ഇമ്രാൻ പ്രതാപ് ഗഡി മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി അഡ്വ: ഹാരിസ് ബീരാൻ എം.പി, ഇന്ത്യ മുന്നണിയിലെ യുവജന സംഘടന നേതാക്കളായ മുഹമ്മദ് ഫഹദ് (സമാജ് വാദി യുവജന സഭ), ശ്രീകൃഷ്ണ ഹരി (യൂത്ത് കോൺഗ്രസ്), ഹരീഷ് ബാല (എ.ഐ.വൈ.എഫ്), അനുരാഗ് നിഗം (എ.എ.പി യൂത്ത്), നേഹ തിവാരി (ആർ.വൈ.എ),
ഐൻ അഹമ്മദ് (ആർവൈജെഡി) അംരേഷ് കുമാർ (എ.ഐ.എൽ) അഭിവാദ്യം ചെയ്തു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിമാരായ ആസിഫ് അൻസാരി, എംപി മുഹമ്മദ് കോയ, മീററ്റ് കോപറേഷൻ കൗൺസിലർ റിസ്വാൻ അൻസാരി, യൂത്ത് ലീഗ് ദേശീയ ഭാരവാഹികളായ സജ്ജാദ് ഹുസൈൻ അക്തർ, പി.പി അൻവർ സാദത്ത്, ആഷിക് ചെലവൂർ സെക്രട്ടറിമാരായ അസറുദീൻ ചൗധരി, സാജിദ് നടുവണ്ണുർ എം.എസ്.എഫ് ദേശീയ സിഡണ്ട് പി.വി അഹമ്മദ് സാജു, ട്രഷറർ അതീബ് ഖാൻ എന്നിവർ സംസാരിച്ചു.
ഉത്തർപ്രദേശ് മീററ്റിലെയും ഹരിയാനയിലെയും യൂത്ത് ലീഗ് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ ചെറു പ്രകടനങ്ങളായാണ് ജന്ദർ മന്ദറിലെ സമരവേദിയിലേക്കെത്തിയത്. യുപി സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ് മതീൻ ഖാൻ, ഡൽഹി സംസ്ഥാന പ്രസിഡന്റ് മൗലന നിസാർ അഹമ്മദ്, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ: മർസൂഖ് ബാഫഖി, സയ്യിദ് സിദ്ദീഖ് തങ്ങൾ, എം.പി അബ്ദുൾ അസീസ്, വിവിധ സംസ്ഥാനങ്ങളിലെ യൂത്ത് ലീഗ് ഭാരവാഹികളായ മുഹമ്മദ് ഖുമൈൽ അൻസാരി, ആഷിക് ഇലാഹി (യു.പി ) അഡ്വ.അസറുദ്ദീൻ ചൗധരി, അഡ്വ.മുഹമ്മദ് സലിം (ഹരിയാന) ഷഹസാദ് അബ്ബാസി (ഡൽഹി) ഡൽഹി കെഎംസിസി സെക്രട്ടറി പിപി ഹലിം നേതൃത്വം നൽകി.


