കോഴിക്കോട് : മന്ത്രിയായിരിക്കുമ്പോൾ താൻ ചെയ്ത വലിയ അഴിമതി പുറത്ത് വരുമെന്നുള്ള വെപ്രാളത്തിലാണ് കെ.ടി ജലീലെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ബന്ധുനിയമന കേസിൽ താൻ തെറ്റുകാരനാണെന്ന് കണ്ടെത്തിയാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കുമെന്നായിരുന്നു ജലീൽ നിയമസഭയിൽ പറഞ്ഞിരുന്നത്. എന്നാൽ കുറ്റക്കാരെനെന്ന് കോടതി തന്നെ വ്യക്തമാക്കിയപ്പോൾ പൊതുപ്രവർത്തനം നിർത്തി വാക്ക് പാലിക്കാൻ അദ്ദേഹം തയ്യാറായില്ല. പുതിയ അഴിമതി കൂടി പുറത്ത് വന്നാൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമോ എന്ന ഭീതിയിലാണ് പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുന്നതെന്നും ഫിറോസ് അഭിപ്രായപ്പെട്ടു.
കൂലിയും വേലയുമില്ലാത്ത ഫിറോസ് എങ്ങിനെയാണ് സ്ഥലം വാങ്ങിച്ചതും വീട് വെച്ചെതെന്നും പറഞ്ഞ ജലീൽ പിന്നീട് പറഞ്ഞത് ഫിറോസിന് ട്രാവൽസും വില്ലാ പ്രൊജക്റ്റും ബിസിനസും ഉണ്ടെന്നാണ്. എന്തിനാണ് ഇടക്കിടെ വിദേശ യാത്ര നടത്തുന്നതെന്ന് ചോദിച്ച ജലീൽ പിന്നീട് പറഞ്ഞത് ഫിറോസിന് വിദേശത്ത് ജോലിയും വിസയും ശമ്പളവും ഉണ്ടെന്നാണ്. രാഷ്ട്രീയ പ്രവർത്തനം ബിസിനസാക്കരുതെന്നാണ് തൻ്റെ നിലപാടെന്നും സ്വന്തമായി എന്തെങ്കിലും നടത്തിയിരുന്നെങ്കിൽ സ്വന്തം മകളുടെ കല്യാണത്തിന് ഭാര്യയോട് പണം കടം വാങ്ങുന്ന ഗതികേട് ജലീലിനുണ്ടാവുമായിരുന്നില്ലെന്നും ഫിറോസ് പരിഹസിച്ചു. എനിക്ക് പങ്കാളിത്തമുള്ള സ്ഥാപനങ്ങളിൽ വന്ന് ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തും പാട്ണർമാരുടെ താമസ സ്ഥലത്ത് ചെന്ന് അന്വേഷണം നടത്തിയും തൻ്റെ നിലവാരമില്ലായ്മ കെ.ടി ജലീൽ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
പാർട്ടി ഫണ്ടുകൾ ഉപയോഗിച്ചാണ് ഞാൻ ബിസിനസ് നടത്തുന്നുവെന്നതാണ് അദ്ദേഹത്തിൻ്റെ മറ്റൊരു കണ്ടെത്തൽ. മുസ്ലിം യൂത്ത് ലീഗിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി പദത്തിലിരുന്ന കെ.ടി ജലീലിന് ഒരു സംഘടനയുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിൻ്റെ രീതികളെ കുറിച്ച് അറിയില്ലേയെന്നും ഫിറോസ് ചോദിച്ചു. കെ.ടി ജലീൽ ജനറൽ സെക്രട്ടറി പദവിയിലിരുന്നപ്പോൾ ഒറ്റക്കാണോ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നതെന്ന് അദ്ദേഹം തന്നെയാണ് വ്യക്തമാക്കേണ്ടതെന്നും ഫിറോസ് പറഞ്ഞു. ഇന്ത്യൻ നിയമ വ്യവസ്ഥിതി അംഗീകരിച്ച, തെരഞ്ഞെടുപ്പ് കമ്മീഷനും ആദായ നികുതി വകുപ്പിനും കണക്കുകൾ ബോധ്യപ്പെടുത്തേണ്ട പാൻകാർഡുള്ള പൂർണ്ണമായും സുതാര്യമായ അക്കൗണ്ടാണ് മുസ്ലിം യൂത്ത് ലീഗ് ഉപയോഗിക്കുന്നത്. മഞ്ഞപത്രങ്ങൾ സ്വീകരിക്കുന്നത് പോലെയുള്ള ഊഹാപോഹങ്ങളുമായി ആക്ഷേപങ്ങൾ ഉന്നയിക്കുന്ന കെ.ടി ജലീൽ മന്ത്രിയായിരിക്കുമ്പോൾ മലയാളം സർവ്വകലാശാലക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ കോടികളുടെ അഴിമതി ഉടനെ പുറത്ത് കൊണ്ട് വരുമെന്നും ഫിറോസ് വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നുവെന്ന് ജലീലിന് ബോധ്യപ്പെട്ടതിനാലാണ് മനോനില തെറ്റിയ രീതിയിൽ പെരുമാറുന്നതെന്നും ഫിറോസ് പറഞ്ഞു. ഒരു കടുക് മണിത്തൂക്കമെങ്കിലും തെറ്റ് ചെയ്ത ആളായിരുന്നുവെങ്കിൽ എന്നോട് ഒരു ദയയും കാണിക്കാത്ത സർക്കാറല്ലേ കേരളം ഭരിക്കുന്നതെന്നും ഒരു നടപടിയും സ്വീകരിക്കാൻ കഴിയാത്തത് തെറ്റ് ചെയ്യാത്തത് കൊണ്ടാണെന്നും ഫിറോസ് പറഞ്ഞു.


