സ്കൂളില്‍ വൈകിയെത്തിയതിന് അഞ്ചാം ക്ലാസുകാരനെ സ്കൂള്‍ അധികൃതര്‍ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയതായി പരാതി. തൃക്കാക്കര കൊച്ചിന് പബ്ലിക് സ്കൂളിലാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച് കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയെ ഇരുട്ടുമുറിയില്‍ ഇരുത്തിയവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പ്രിന്‍സിപ്പാള്‍ ബന്ധുക്കളെ അറിയിച്ചു.
സംഭവത്തില്‍ പരാതിയുമായി മുന്നോട്ട് പോകുമെന്നാണ് ബന്ധുക്കളുടെ നിലപാട്. വിഷയം അന്വേഷിക്കാന്‍ എത്തിയ രക്ഷിതാക്കളോട് സ്കൂള്‍ അധികൃതര്‍ മോശമായി പെരുമാറിയതായും ആരോപിച്ചു. കുട്ടിയെ ടിസി നല്കി പറഞ്ഞുവിടുമെന്നും വൈകി വന്നാല്‍ വെയിലത്ത് ഓടിക്കുമെന്നും അധികൃതര്‍ രക്ഷിതാക്കളോട് പറഞ്ഞു. രണ്ട് മിനിറ്റ് മാത്രം വൈകിയതിന് ആദ്യം ഗ്രൗണ്ടില്‍ ഓടിച്ചതിന് ശേഷം ഇരുട്ട് മുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയതെന്ന് കുട്ടി പ്രതികരിച്ചു.
വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്കൂളിലെത്തി പ്രിന്‍സിപ്പലുമായി ചര്‍ച്ച നടത്തുകയാണ്. കുട്ടിയുടെ പിതാവ് തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്കൂള്‍ മാനേജ്മെന്റിനും പരാതി നല്‍കിയിട്ടുണ്ട്.


