ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണെ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് മുന്‍താരവും സെലക്ടറുമായിരുന്ന ദീപ്ദാസ് ഗുപ്ത. സഞ്ജുവിന് പകരം യശസ്വി ജയ്സ്വാളിനെയും ശുഭ്മാന്‍ ഗില്ലിനെയുമാണ് ടീമില്‍ അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണര്‍ റോളിലേക്ക് പരിഗണിക്കേണ്ടതെന്നും ദീപ്ദാസ് ഗുപ്ത ദേശീയ മാധ്യമത്തോട് പറഞ്ഞു.
യുഎഇയില്‍ അടുത്ത മാസം നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം അടുത്ത ആഴ്ച നടക്കുമെന്നാണ് സൂചന. ഇന്ത്യയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 പരമ്പരയില്‍ ഷോര്‍ട്ട് പിച്ച് പന്തുകള്‍ നേരിടുമ്പോള്‍ പ്രയാസമായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ പൂര്‍ണ ശേഷിയുള്ള ഒരു ടീമിനെതിരെ ഇന്ത്യ കളിച്ച ആദ്യ ടി20 പരമ്പരയായിരുന്നുവെങ്കിലും, സഞ്ജുവിന് അവിടെ മികവ് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ദീപ്ദാസ് ഗുപ്ത പറഞ്ഞു.
അതുകൊണ്ട്, ഇപ്പോള്‍ ഇന്ത്യയ്ക്ക് ആവശ്യമായത് ഒരു ഓപ്പണര്‍ വിക്കറ്റ് കീപ്പറല്ല, ഫിനിഷറായി ഇറങ്ങുന്ന വിക്കറ്റ് കീപ്പറാണ്. ഈ സാഹചര്യത്തില്‍ സഞ്ജുവിന് പകരം ജിതേഷ് ശര്‍മയെ ഏഷ്യാ കപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


