ഒരിക്കല്‍ വാഗ്ദാനം ചെയ്ത ശേഷം നഷ്ടപ്പെട്ട വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരവേദി വീണ്ടും തിരുവനന്തപുരത്തേക്ക് എത്താനുള്ള സാധ്യത ഉയര്‍ന്നു. ലോകകപ്പിന്റെ മുഖ്യവേദിയായി തീരുമാനിച്ചിരുന്ന ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സുരക്ഷാ പ്രശ്നങ്ങളാല്‍ അനുമതി ലഭിക്കാതായതോടെ, ബിസിസിഐയും ഐസിസിയും പകരമായി കാര്യവട്ടത്തെ സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തെ പരിഗണിച്ചത്. ഇക്കാര്യം കേരള ക്രിക്കറ്റ് അസോസിയേഷനെ (കെസിഎ) അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പുതുക്കിയ ഷെഡ്യൂളും ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉടന്‍ ഉണ്ടാകും.
സൂചനകള്‍ പ്രകാരം, പ്രാഥമിക റൗണ്ടിലെ മൂന്ന് മത്സരങ്ങളും ഒരു സെമി ഫൈനലും, കൂടാതെ രണ്ട് സന്നാഹ മത്സരങ്ങളും തിരുവനന്തപുരത്തിന് ലഭിച്ചേക്കാം. സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെ ഇന്ത്യയും ശ്രീലങ്കയും ചേര്‍ന്ന് ടൂര്‍ണമെന്റ് സംഘടിപ്പിക്കും. ആദ്യം തിരുവനന്തപുരത്തെയും വേദിയായി പരിഗണിച്ചിരുന്നുവെങ്കിലും, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനത്തില്‍ അവസരം ബെംഗളൂരുവിന് ലഭിച്ചു. എന്നാല്‍, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ വിജയാഘോഷത്തില്‍ ഉണ്ടായ ദുരന്തത്തിന് പിന്നാലെ സുരക്ഷാ ആശങ്കകള്‍ ഉയര്‍ന്നതോടെ സ്ഥിതി മാറി.
ദക്ഷിണേന്ത്യയിലെ മറ്റൊരു പ്രധാന വേദിയായ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം ഇപ്പോള്‍ അറ്റകുറ്റപ്പണിയില്‍ കഴിയുന്നതും തിരുവനന്തപുരത്തിന് അനുകൂലമായി. ആദ്യം ബെംഗളൂരുവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്ത്യ-ശ്രീലങ്ക ഉദ്ഘാടനം, ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഉള്‍പ്പെടെ മൂന്നു പ്രാഥമിക റൗണ്ട് മത്സരങ്ങളും ഒരു സെമി ഫൈനലും തന്നെ തിരുവനന്തപുരം ഏറ്റെടുക്കുമെന്ന പ്രതീക്ഷയാണ്. ഇതിനകം ആറ് രാജ്യാന്തര മത്സരങ്ങള്‍ നടത്തിയ സ്പോര്‍ട്സ് ഹബ് സ്റ്റേഡിയം, ഒരു ഐസിസി ടൂര്‍ണമെന്റിന് വേദിയാകുന്നത് ഇതാദ്യമായിരിക്കും. 2023 ഐസിസി ലോകകപ്പിലെ സന്നാഹ മത്സരങ്ങള്‍ക്ക് നേരത്തെ ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്.


