ഒഡീഷയില്‍ മലയാളി വൈദികരും കന്യാസ്ത്രീകളും ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഇത്തരം ആക്രമണങ്ങള്‍ വീണ്ടും നടക്കുമ്പോള്‍ രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രിമാരും എവിടെ പോയെന്ന് സതീശന് ചോദിച്ചു. അരമനയിലെത്തി കേക്ക് നല്കുന്ന ആട്ടിന്‍തോലിട്ട ചെന്നായയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെന്നും സതീശന് കുറ്റപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രതികരിക്കണമെന്നും വി ഡി സതീശന് പറഞ്ഞു.
അതേസമയം ബൈക്കിലെത്തി സാധാരണക്കാരായ രോഗികളെ ചികിത്സിക്കുന്ന ഡോ ഹാരിസിനെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നും സതീശന് പറഞ്ഞു. ആരോഗ്യസംവിധാനത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയതിനാലാണ് അദ്ദേഹത്തെ വേട്ടയാടുന്നതെന്നും ഈ നീക്കത്തില്‍ നിന്നും പിന്മാറണമെന്നും വി ഡി തസീശന്‍ ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഡോ.കഫീല്‍ ഖാനെ യു.പി സര്‍ക്കാര്‍ വേട്ടയാടിയത് പോലെയാണ് ഡോ.ഹാരിസിനെ സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടുന്നതെന്നും വി.ഡി സതീശന് കുറ്റപ്പെടുത്തി.
ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടിനെതിരെ രംഗത്തെത്തിയ ഡോ. ഹാരിസിനെ സംശയനിഴലില്‍ നിര്‍ത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.കെ ജബ്ബാറും സൂപ്രണ്ടും ഇന്ന് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. മെഡിക്കല്‍ കോളജില്‍ നിന്ന് കാണാതായെന്ന് ആരോഗ്യമന്ത്രി പറഞ്ഞ ഉപകരണം ഹാരിസിന്റെ മുറിയില്‍നിന്ന് കണ്ടെത്തിയെന്നും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഇതില്ലായിരുന്നുവെന്നും ഡോ. പി.കെ ജബ്ബാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരാള്‍ മുറിയിലേക്ക് കയറുന്ന ദൃശ്യം സി.സി.ടി.വിയിലുണ്ടെന്നും അതാരാണെന്ന് പരിശോധിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.


