ഫിലിം കോണ്‍ക്ലേവില്‍ അടൂര്‍ ഗോപാലകൃഷ്ണന് നടത്തിയ വിവാദ പരാമര്‍ശനങ്ങളില്‍ കേസെടുക്കില്ല. അടൂരില്‍ നിന്നും അധിക്ഷേപം ഉണ്ടായിട്ടില്ലെന്ന് പൊലീസിന് നിയമോപദേശം. ഇതോടെ ആക്ടിവിസ്റ്റ് ദിനു വെയില് SC/ST വകുപ്പ് പ്രകാരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയിത കേസില്‍ അടക്കം തുടര്‍നടപടികള്‍ ഉണ്ടാവില്ല. അടൂരിന്റെ പരാമര്‍ശങ്ങളില്‍ പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തോടുള്ള അവഹേളനം പ്രഥമ ദൃഷ്ട്യാ കണ്ടെത്താന്‍ കഴിയില്ലെന്നാണ് നിയമോപദേശം.
അടൂര്‍ ഗോപാലകൃഷ്ണനെതിരെ എസ്.സി/ എസ്.ടി കമീഷനും മ്യൂസിയം പൊലീസിനുമാണ് പരാതി ലഭിച്ചത്. പരാതിയില്‍ പത്തുദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് കമീഷന് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യത്തില്‍ പബ്ലിക് പ്രോസിക്യൂട്ടറോട് പൊലീസ് നിയമോപദേശം തേടുകയായിരുന്നു. മുഴുവന്‍ പ്രസംഗവുമടങ്ങിയ വിഡിയോ ക്ലിപ് അടക്കം നല്‍കിയാണ് നിയമോപദേശം തേടിയത്. മുഴുവന്‍ പ്രസംഗവും പരിശോധിക്കുമ്പോള്‍ പരാതിക്കാരന് ഉന്നയിക്കുന്ന ആക്ഷേപം നിലനില്‍ക്കുന്നതല്ല എന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.
ആരെയെങ്കിലും അദ്ദേഹം അധിക്ഷേപിക്കുകയോ ഫണ്ട് നല്‍കരുതെന്ന് പറയുകയോ ചെയ്യുന്നില്ല. അതിനാല്‍ പരാതിയില്‍ ഉന്നയിച്ചിട്ടുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കാന്‍ കഴിയില്ല.
അതേസമയം, അടൂര്‍ ഗോപാലകൃഷ്ണനെതിരെ പട്ടികജാതി-വര്‍ഗ പീഡന നിരോധനമുള്‍പ്പെടെ നിയമങ്ങളനുസരിച്ച് കേസെടുക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ദലിത് ലീഡേഴ്സ് കൗണ്‍സില്‍ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി ഐ.കെ. രവീന്ദ്രരാജ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്കി.
സിനിമ നയരൂപീകരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിച്ച സിനിമ കോണ്‍ക്ലേവിലാണ് വിവാദ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന് രംഗത്തെത്തിയത്.


