ഓപ്പറേഷന് സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി. ഓപ്പറേഷന് സിന്ദൂറിന് പുറമെ മിഷന് ലൈഫ്, ചന്ദ്രയാന്‍, ആദിത്യ എല്‍1, ശുഭാംഷു ശുക്ല ഭാഗമായ ആക്സിയം 4 ദൗത്യം തുടങ്ങിയവയും എന്‍സിഇആര്‍ടി പാഠ്യപദ്ധതിയുടെ പ്രധാന ഭാഗമാകുമെന്ന് ദേശീയ വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യന്‍ സൈന്യത്തിന്റെ തന്ത്രപരമായ നീക്കങ്ങളെ പ്രതിജ്വലിപ്പിക്കുന്ന ഓപ്പറേഷന് സിന്ദൂര്‍ എന്‍സിഇആര്‍ടി പാഠ്യപദ്ധതിയുടെ പ്രത്യേക ഭാഗമായി ഉള്‍പ്പെടുത്തും. നിലവില്‍ പാഠ്യപദ്ധതിയെ രണ്ടു മൊഡ്യൂളുകളാക്കി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ മൊഡ്യൂള്‍ 3 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായും രണ്ടാമത്തെ മൊഡ്യൂള്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
”ഇന്ത്യയുടെ സൈനിക ശക്തി രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍, പ്രതിരോധ സംവിധാനങ്ങള്‍, നയതന്ത്ര ബന്ധങ്ങള്‍, മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഏകോപനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പുതുതലമുറയെ പഠിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്”. വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.


