ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയായി. യുവതിയുടെ ശരീരത്തില്‍ ചതവുകളും അടിയേറ്റ പാടും ഉള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടിയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഡിവൈഎസ്പി മുകേഷ് ജി.ബി പറഞ്ഞു.
അതേസമയം വിദേശത്തുള്ള പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. പ്രതിക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്ന് യുവതിയുടെ സഹോദരന് പറഞ്ഞു. നിതീഷിനെ നാട്ടിലെത്തിച്ച് നിയമനടപടിക്ക് വിധേയനാക്കണം. അതിനായി സര്‍ക്കാരും കോണ്‍സിലേറ്റും ഇടപെടണംമെന്നും സഹോദരന് പറഞ്ഞു.
അതേസമയം, വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ റീ പോസ്റ്റുമോര്‍ട്ടം നടത്തി. അന്വേഷണ ഉദ്യോഗസ്ഥന് ശാസ്താംകോട്ട ഡിവൈഎസ്പി മുകേഷ് ജി ബിയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷമായിരുന്നു പോസ്റ്റ്മോര്‍ട്ടം. തിരുവനന്തപുരം ആര് ഡി യുടെ പ്രത്യേക നിര്‍ദേശ പ്രകാരം തഹസില്‍ദാര്‍ ലീന ശൈലേശ്വറിന്റെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിച്ചു.
ഇന്നലെ രാത്രി 11:30 യോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി 1 മണിയോടെയാണ് മോര്‍ച്ചറിയിലെത്തിച്ചത്. കേരളപുരത്തെ വീട്ടിലെത്തിച്ച് അഞ്ച് മണിയോടെയാകും സംസ്കാരം.
ജൂലൈ എട്ടിന് രാത്രിയിലാണ് വിപഞ്ചികയെയും മകളെയും അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. വൈഭവിയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ദുബൈയില്‍ തന്നെ സംസ്കരിച്ചിരുന്നു.


