കര്‍ണാടകയില്‍ സ്വന്തം തോട്ടത്തിലെ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് പിതാവും രണ്ടു പെണ്മക്കളും മരിച്ചു. സിരവാര്‍ തിമ്മപ്പുര്‍ സ്വദേശി രമേഷ് നായക് (38), മക്കളായ നാഗമ്മ (8), ദീപ (6) എന്നിവരാണ് മരിച്ചത്. രമേഷിന്റെ ഭാര്യ പദ്മാവതി (35), മക്കളായ കൃഷ്ണ (12), ചൈത്ര (10) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
രമേഷും നാഗമ്മയും ചികിത്സ ലഭിക്കുന്നതിനു മുന്‍പ് തന്നെ മരിച്ചു. ദീപ ആശുപത്രിയിലെത്തിയതിന് ശേഷമാണ് മരിച്ചത്. രമേഷ് രണ്ടേക്കറില്‍ പരുത്തിയും വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച രമേഷ് പച്ചക്കറികളില്‍ കീടനാശിനി തളിച്ചിരുന്നു. തിങ്കളാഴ്ച രാത്രി കുടുംബാംഗങ്ങള്‍ എല്ലാവരും അമരക്കയും റൊട്ടിയും ചോറും സാമ്പാറും കഴിച്ചിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെ ഇവര്‍ക്ക് വയറുവേദനയും ഛര്‍ദിയും അനുഭവപ്പെടുകയായിരുന്നു. നാല് മണിയോടെ ഇവരെ ആശുപത്രിയിലെത്തിച്ചു.


