യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയ്ക്കായി ഇടപെടലാവശ്യപ്പെട്ട ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. നയതന്ത്ര ഇടപെടലുകള്‍ക്ക് പരിമിതികളുണ്ടെന്നും അനൗദ്യോഗിക മാര്‍ഗങ്ങളിലൂടെ ശ്രമിക്കുന്നുണ്ടെന്നും കഴിഞ്ഞ തവണ ഹരജി പരിഗണിക്കവേ കേന്ദ്രം അറിയിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്രം എന്ത് ചെയ്തെന്ന കാര്യം ഇന്ന് കോടതിയെ അറിയിക്കണം.
നിമിഷപ്രിയയുടെ മോചന ശ്രമത്തിനായി ആറംഗ സംഘത്തെ കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കണമെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍. സുപ്രീംകോടതിയില്‍ ആക്ഷന്‍ കൗണ്‍സില്‍ ഈ ആവശ്യം ഉന്നയിക്കും. രണ്ടുപേര്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളും രണ്ടു പേര് കാന്തപുരം അബൂബക്കര്‍ മുസ്ലിയാറിന്റെ പ്രതിനിധികളും രണ്ടു പേര് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥരും എന്ന രീതിയില്‍ സംഘത്തെ നിയോഗിക്കാനാണ് കൗണ്‍സില്‍ ആവശ്യപ്പെടുക.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ബ്ലഡ് മണി ചര്‍ച്ചകള്‍ നടത്തുന്നതിനുമാണ് സംഘത്തെ നിയോഗിക്കാന്‍ ആവശ്യപ്പെടുന്നത്.
ഈ മാസം 16നായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ നടക്കേണ്ടിയിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് വധശിക്ഷ നീട്ടിവെക്കുകയായിരുന്നു. ജസ്റ്റിസ് വിക്രംനാഥാണ് കേസ് പരിഗണിക്കുക.


