ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനു നേരെ ഡ്രോണ്‍ സ്പീഡ് ബോട്ട് ആക്രമണം. സംഭവത്തില്‍ നാല് ജീവനക്കാര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ലൈബീരിയന്‍ പതാക വഹിച്ചതും ഗ്രീക്ക് നിയന്ത്രണത്തിലുള്ളതുമായ ബള്‍ക്ക് കാരിയര്‍ കപ്പലായ എറ്റേണിറ്റി സിക്കിന് നേരെയാണ് ആക്രമണമുണ്ടായത്. യെമന്‍ തുറമുഖമായ ഹുദൈദയില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് ഇന്നലെയാണ്(ചൊവ്വാഴ്ച) സംഭവം. ഒരു ദിവസത്തിനുള്ളില്‍ നടന്ന രണ്ടാമത്തെ ആക്രമണമാണിത്. എറ്റേണിറ്റി സിക്ക് നേരെയുണ്ടായ ആക്രമണത്തോടെ ചെങ്കടലിലെ കപ്പല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം എട്ടായി.
മണിക്കൂറുകള്‍ക്ക് മുമ്പ്, ലൈബീരിയ പതാക വഹിച്ച ഗ്രീക്ക് ഓപ്പറേറ്റഡ് ബള്‍ക്ക് കാരിയര്‍ കപ്പല്‍ എംവി മാജിക് സീസിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂത്തികള്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഗ്രീക്ക് കപ്പലിനു നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂത്തികള്‍ ഇതുവരെ ഏറ്റെടുത്തിട്ടില്ല.
22 ജീവനക്കാരാണ് കപ്പലിലില്‍ ഉണ്ടായിരുന്നതെന്ന് ലൈബീരിയന്‍ ഷിപ്പിംഗ് പ്രതിനിധി സംഘം ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ യോഗത്തില്‍ പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് മുങ്ങിത്താഴ്ന്ന കപ്പലില്‍ നിന്ന് 19 ജീവനക്കാരെ അത് വഴി കടന്നുപോവുകയായിരുന്ന മറ്റൊരു കപ്പല്‍ രക്ഷപ്പെടുത്തി ജിബൂട്ടിയില്‍ എത്തിച്ചതായും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.


