തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെ തനിക്ക് ഭയമില്ലെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍. താന്‍ സര്‍ക്കാര്‍ ജോലി തിരഞ്ഞെടുത്തത് ജനങ്ങള്‍ക്ക് സേവനം ചെയ്യാമെന്നുള്ള ആഗ്രഹം കൊണ്ടാണെന്നും ഈ ജോലി പോയാല്‍ വേറൊരു ജോലി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് എന്ത് ശിക്ഷ ഏറ്റെടുക്കാനും തയ്യാറാണെന്നും എല്ലാ ചുമതലകളും അടുത്തയാള്‍ക്ക് കൈമാറിയെന്നും ഡോ. ഹാരിസ് ചിറക്കല്‍ പറഞ്ഞു.
വിദഗ്ധ സമിതിക്ക് മുമ്പില്‍ എല്ലാ തെളിവുകളും നല്‍കിയെന്നും സഹപ്രവര്‍ത്തകരുടെ മൊഴി തനിക്ക് അനുകൂലമാണെന്നും ഹാരിസ് ചിറക്കല്‍ പറഞ്ഞു.
അതേസമയം, ഡോ. ഹാരിസ് ചിറക്കല്‍ ഉയര്‍ത്തിയ ആരോപങ്ങളെ പൂര്‍ണമായും ശരിവെക്കുന്നതാണ് ആരോഗ്യ വകുപ്പ് നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ‘സിസ്റ്റത്തിന് പ്രശ്നംമുണ്ട്’ എന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. റിപ്പോര്‍ട്ട് ഇന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആരോഗ്യമന്ത്രിക്ക് കൈമാറും.
വിദ്യാര്‍ത്ഥിയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഹാരിസ് ഉന്നയിച്ചത് വസ്തുതകള്‍ ആണെന്നും ശസ്ത്രക്രിയ ഉപകരണങ്ങള്‍ സമയത്ത് ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. അതേസമയം, ഉപകരണങ്ങളുടെ കുറവ് മൂലം നേരത്തെ ശസ്ത്രക്രിയ മുടങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡോക്ടര്‍ക്കെതിരെ നടപടി വേണ്ടെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഡോ. ഹാരിസിന്റേത് സര്‍വീസ് ചട്ടലംഘനമാണെന്നും സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടര്‍ ചൂണ്ടികാട്ടിയ എല്ലാ പരാതികളിലും വസ്തുതയില്ലെന്നും ചില പരാതികളില്‍ കാര്യമുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.


