തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ റിയാക്ടര്‍ പൊട്ടിത്തെറിച്ച് 10 തൊഴിലാളികള്‍ക്ക് മരിച്ചു. സംഗറെഡ്ഡി ജില്ലയിലെ പശമൈലാരം ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പട്ടാഞ്ചരുവിലെ സിഗാച്ചി കെമിക്കല്‍സ് പ്ലാന്റിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
അപകടത്തെ തുടര്‍ന്ന് പ്ലാന്റിന്റെ ചില ഭാഗങ്ങള്‍ കത്തിനശിച്ചു. ഫാക്ടറി പരിസരത്ത് വന്‍ തീപിടിത്തമുണ്ടായതായും റിപ്പോര്‍ട്ട്. പരിക്കേറ്റ തൊഴിലാളികളില്‍ പലരുടെയും നില ഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനും സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തുന്നതിനുമായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ദുഃഖം രേഖപ്പെടുത്തുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്തു.


