യാത്രക്കാരന് കെ.എസ്.ആര്.ടി.സി നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന് ഉത്തരവ്. ബസ് മാറ്റി കയറ്റിവിട്ട 68കാരനായ കല്ലറ ചന്തു ഭവനില്‍ ഇന്ദ്രാത്മജന് എന്ന യാത്രക്കാരനാണ് 2574 രൂപയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.
2023 ജനുവരി 11നായിരുന്നു കേസിനാസ്പദമായ സംഭവം. കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് ബസില്‍ തമ്പാനൂരില്‍നിന്ന് കിളിമാനൂരിലേക്ക് യാത്രചെയ്യുകയായിരുന്നു പരാതിക്കാരന്. പട്ടത്തെത്തിയപ്പോള്‍ ഡിപ്പോയില്‍നിന്ന് ബസ് തിരികെ വിളിപ്പിച്ചു. ഇതേ തുടര്‍ന്ന് തമ്പാനൂരില്‍നിന്നും മറ്റൊരു ബസ് വരുത്തിച്ച് പിന്നീട് യാത്ര ആരംഭിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, പരാതിക്കാരന് ഉപഭോക്തൃ കമീഷനെ സമീപിക്കുകയായിരുന്നു. മുതിര്‍ന്ന പൗരനായ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായതിനാലാണ് കൂടുതല്‍ ചാര്‍ജ് നല്കി സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്തതെന്നും തനിക്കുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കണമെന്നും ഇദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.


