ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ സ്കൂളില്‍ നിന്ന് കുട്ടികളെ പിന്‍വലിച്ച് രക്ഷിതാക്കള്‍. ചാമരാജ നഗര്‍ ജില്ലയിലെ ഹൊമ്മ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് രക്ഷിതാക്കളുടെ നേതൃത്തത്തില്‍ വിദ്യാര്‍ഥികളെ കൂട്ടത്തോടെ പിന്‍വലിച്ചത്. ദളിത് സ്ത്രീയെ സ്കൂളിലെ ഭക്ഷണം പാചകം ചെയ്യാന്‍ നിയമിച്ചത് തങ്ങളുടെ മക്കള്‍ ഭക്ഷണം കഴിക്കുന്നതിന് തടസമായെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. സ്കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരെയും രക്ഷിതാക്കള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്കൂളുകളില്‍ ചേര്‍ത്തു. ദളിത് സ്ത്രീയെ നിയമിച്ചതിനു ശേഷം സ്കൂളില്‍ നിന്ന് ആകെ ഏഴ് കുട്ടികള്‍ മാത്രമാണ് ഉച്ചഭക്ഷണം കഴിച്ചിരുന്നത്.
അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ് നിലവില്‍ സ്കൂള്‍. സംഭവത്തെ തുടര്‍ന്ന് ചാമരാജനഗര്‍ എസ് പി, ജില്ലാ പഞ്ചായത്ത് സിഇഒ, വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരുള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ സ്കൂള്‍ സന്ദര്‍ശിച്ചു. ജാതി വിവേചനം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ജില്ലാ അധികൃതരും മാതാപിതാക്കളും അധ്യാപകരുമായി ചര്‍ച്ച നടത്തി. എന്നാല്‍ കേസ് ഭയന്ന് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാകാത്തതിനാലാണ് കുട്ടികളെ സ്കൂളില്‍ നിന്ന് മാറ്റിയതെന്നാണ് മാതാപിതാക്കള്‍ ജില്ലാ പഞ്ചായത്ത് സിഇഒയോട് പറഞ്ഞത്. സ്കൂളില്‍ നിലവില്‍ ഒരു കുട്ടി മാത്രമേയുളളു. ആ കുട്ടിയുടെ മാതാപിതാക്കളും ട്രാന്‍സഫര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.


