കണ്ണൂര്‍ ഏഴര പാറാപ്പള്ളി കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പിണറായി താഴെ കായലോട് എം.സി. ഹൗസില്‍ റഊഫിന്റെയും സി. സമീറയുടെയും മകന് ഫര്ഹാന് (17)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മമ്പറം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ്.
ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ടാണ് ഫര്‍ഹാനെ കാണാതായത്.
കൂട്ടുകാരുമായി പാറക്കെട്ടിലിരിക്കുന്നതിനിടെ ശക്തമായ തിരമാലയില്‍പ്പെട്ട് വിദ്യാര്‍ത്ഥി കടലില്‍ വീഴുകയായിരുന്നു. സമീപത്തെ പാറക്കെട്ടില്‍ പിടിച്ചുനിന്ന സുഹൃത്തിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഫര്‍ഹാനെ കണ്ടെത്താനായില്ല. പ്രതികൂലമായ കാലാവസ്ഥയും തിരച്ചിലെ ബാധിച്ചു. ഇന്ന് രാവിലെ 6.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കണ്ണൂര്‍ കോര്പറേഷന് ഡിവിഷന് 34ല്‍ ഏഴരക്കടപ്പുറത്തെ പാറയില്‍ ഇരിക്കവെ കാല് വഴുതി കടലില്‍ വീഴുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് ആറര മണിയോടെയായിരുന്നു സംഭവം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് കിലോമീറ്ററുകള്‍ അകലെ മൃതദേഹം മുഴപ്പിലങ്ങാട് തീരത്തണഞ്ഞത്. ശക്തമായ കടല്‍ ക്ഷോഭത്തെ തുടര്‍ന്നു തിരമാലയില്‍ അകപ്പെടുകയായിരുന്നു. ഫയര്‍ ഫോഴ്സ്, കോസ്റ്റല്‍ പൊലീസ് ഉള്‍പ്പെടെ രണ്ടുദിവസം തുടര്‍ച്ചയായി തെരച്ചില്‍ നടത്തിയിരുന്നു.
ഫര്ഹാന് അടക്കം നാലു പേരാണ് ഏഴര കടപ്പുറം കാണാനെത്തിയത്. കൂടെ വന്ന മറ്റു വിദ്യാര്‍ഥികളുടെ നിലവിളി കേട്ട് പരിസരത്തെ മത്സ്യത്തൊഴിലാളികളുള്‍പ്പെടെ ഓടിയെത്തിയെങ്കിലും കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് ഫര്‍ഹാനെ രക്ഷിക്കാനായില്ല. മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം കായലോട് അച്ചങ്കര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.


