സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്‍കരുതലിന്റെ ഭാഗമായി അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ആന്ധ്രാപ്രദേശിന്റെയും മുകളിലായി സ്ഥിതിചെയ്ത ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചതോടെയാണ് മഴ കനത്തത്. മഴയ്ക്കൊപ്പം 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുന്ന കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എറണാകുളം,തൃശൂര്‍ ,ഇടുക്കി ,വയനാട് , കോട്ടയം, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. പാലക്കാട് പ്രൊഫഷണല്‍ കോളജുകള്‍ക്ക് അവധിയില്ല.


