വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് പിന്നാലെ ഇറാന് പിന്തുണ അറിയിച്ച് ചൈന. ശാശ്വതമായ വെടിനിര്‍ത്തല്‍ കൈവരിക്കുന്നതിന് ഇറാനെ സഹായിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗാചിയെ അറിയിച്ചു. നേരത്തെ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചതിനെതിരെ ചൈന രംഗത്തെത്തിയിരുന്നു.
ഇറാന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിലും, ശാശ്വതമായ വെടിനിര്‍ത്തല്‍ കൈവരിക്കുന്നതിലും, ജനങ്ങളുടെ സാധാരണ ജീവിതം പുനഃസ്ഥാപിക്കുന്നതിലും, മധ്യപൂര്‍വദേശത്തെ സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിലും ചൈന ഇറാനെ പിന്തുണയ്ക്കുന്നുവെന്ന് വാങ് അരാഗ്ചിക്ക് ഉറപ്പ് നല്കി.
ഇറാന്-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നെങ്കിലും സ്ഥിതിഗതികള്‍ അസ്ഥിരമായി തുടരുകയാണെന്ന് അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രിയെ ധരിപ്പിച്ചു. ഇസ്രാഈല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
മധ്യപൂര്‍വദേശത്ത് സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യം ചൈന ആഗ്രഹിക്കുന്നില്ലെന്നും ഇസ്രാഈലും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ പറഞ്ഞിരുന്നു.
അതേസമയം ഇറാനെ ആക്രമിക്കരുതെന്ന് ഇസ്രാഈലിന് നേരത്തെ ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനില്‍ ബോംബുകള്‍ വര്‍ഷിക്കരുതെന്നും പൈലറ്റുമാരെ തിരിച്ചുവിളിക്കാനും ട്രംപ് ഇസ്രാഈലിനോട് ആവശ്യപ്പെട്ടിരുന്നു.
ഇറാന്- ഇസ്രയേല്‍ സംഘര്‍ഷം അവസാനിച്ചെന്നും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നെന്നും ഡോണള്‍ഡ് ട്രംപ് നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപനം അംഗീകരിക്കുന്നതായി ഇറാന് വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോട് ഇസ്രാഈലും അനുകൂലമായ പ്രതികരണം നടത്തിയിരുന്നു.


