തിരുവനന്തപുരം∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണു പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 എംഎമ്മിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അർഥമാക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് ആണ്. അതേസമയം, നാളെ കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടുമുണ്ട്.
കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിലും കാസർകോട്, കണ്ണൂർ ജില്ലകളിലും മഴ ശക്തമായതോടെ പലയിടങ്ങളിലും വെള്ളം കയറി. കാസർകോട് മൊഗ്രാൽ പുഴയിൽ മലവെള്ളപ്പാച്ചിൽ രൂക്ഷമായതോടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു നിർദേശവും നൽകിയിട്ടുണ്ട്. കണ്ണൂരിലും ആലപ്പുഴയിലും കടലാക്രമണം ശക്തമാണ്. കാസർകോട് നിരവധി വീടുകളിൽ വെള്ളം കയറി. ജില്ലയിലെ പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയാണ്. ദേശീയപാതയിൽ ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായി. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റിനു സാധ്യതയുണ്ടെന്നും ഗുജറാത്ത് തീരത്തെ ചക്രവാത ചുഴി ന്യൂനമർദമായി മാറിയേക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Comments


