അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച ആറ് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. ഇതോടെ 86 പേരെയാണ് തിരിച്ചറിഞ്ഞത്. 38 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി.
മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സംസ്കാരം വൈകിട്ട് ആറ് മണിക്ക് രാജ്കോട്ടില്‍ നടക്കും.
അഹമ്മദാബാദ് വിമാനാപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഉന്നത തല സമിതിയുടെ ആദ്യ യോഗം ഇന്ന് ചേരും. സമിതി ഇതുവരെയുള്ള അന്വേഷണം വിലയിരുത്തും. അതേസമയം അപകടത്തില്‍പ്പെട്ട 274 പേരുടെ മരണം സംസ്ഥാനസര്‍ക്കാര്‍ സ്ഥിരീകരിച്ചു.
വിമാനാപകടത്തില്‍ മരിച്ച മലയാളി യുവതി രഞ്ജിത നായരുടെ ഡിഎന്‍എ ഫലം ഇന്ന് പുറത്തു വന്നേക്കും.
ജൂണ്‍ 12-ന് ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. 11 A സീറ്റിലിരുന്ന വിശ്വാസ് കുമാര്‍ രമേശ് ആണ് എമര്‍ജന്‍സി എക്സിറ്റ് വഴി രക്ഷപ്പെട്ടത്.
169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന് എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിന് സമീപത്തുള്ള ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു.


