സംസ്ഥാനത്ത് മഴ ശക്തമാകുന്ന പശ്ചാത്തലത്തില്‍ നാളെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, തൃശൂര്‍, കാസര്‍ഗോഡ്, മലപ്പുറം, കണ്ണൂര്‍, എറണാകുളം, ഇടുക്കി, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും മതപഠന സ്ഥാപനങ്ങള്‍ക്കും ട്യൂഷന് സെന്ററുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മൂന്ന് ദിവസം അതിശക്തമായ മഴ തുടരും. ഇന്നും നാളെയും മുഴുവന്‍ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. വടക്കന്‍ കേരളത്തിലെ റെഡ് അലര്‍ട്ടിന് പുറമേ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള 9 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. നാളെ 6 ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ വ്യാഴാഴ്ച വരെ വരെ മീന്‍പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തി. കേരളതീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.


