അഹമ്മദാബാദ് വിമാന ദുരന്തം നല്കുന്ന വേദന ചെറുതല്ല. ഒരാള്‍ ഒഴികെ എല്ലാ യാത്രക്കാരും അതിദാരുണമായി കൊല്ലപ്പെട്ട രാജ്യത്തിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യോമ ദുരന്തം. ലോകം ഞെട്ടിയ സംഭവത്തിലെ കാര്യകാരണങ്ങള്‍ തേടുമ്പോള്‍ എയര്‍ ഇന്ത്യ തന്നെ ആദ്യം പ്രതിക്കൂട്ടില്‍ വരും. മണിക്കൂറുകള്‍ ദൈര്‍ഘ്യമേറുന്ന വലിയ യാത്രക്കായി ഉപയോഗിക്കുന്ന ബോയിംഗ് വിമാനങ്ങള്‍ ടേക്ക് ഓഫിന് പിറകെ തകര്‍ന്നു വീഴുമ്പോള്‍ അനാസ്ഥയും പിഴവുകളും ചെറുതല്ല. 11 വര്‍ഷം പഴക്കമുള്ള വിമാനം കത്തിയമര്‍ന്ന കാഴ്ച്ചയില്‍ പതിവായി നടത്തുന്ന അന്വേഷണ നാടകത്തിന് പകരം വ്യോമ യാത്രയില്‍ എയര്‍ ഇന്ത്യ പുലര്‍ത്തുന്ന ആലസ്യത്തിന് അ ന്ത്യമിടാനാവുന്ന ശക്തമായ നടപടികളാണ് വേണ്ടത്.
എയര്‍ ഇന്ത്യക്കെതിരെ എത്രയാണ് പരാതികള്‍. ഇതേ വിമാനത്തില്‍ യാത്ര ചെയ്ത അനുഭവത്തില്‍ ഒരാള്‍ സാമുഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ മാത്രം ഉദാഹരിച്ചാലറിയാം അനാസ്ഥയുടെ ആഴം. വിമാനത്തിലെ ഇലക്ട്രോണിക് സംവിധാനം തന്നെ നിശ്ചലമായ ദൃശ്യങ്ങള്‍ എയര്‍ ഇന്ത്യയുടെ അനാസ്ഥ വ്യക്തമാക്കുന്നു. ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുത്തപ്പോള്‍ വ്യോമ യാത്രികര്‍ സന്തോഷിച്ചെങ്കില്‍ അഹമ്മദാബാദിലെ അനുഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നു. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം അഗ്നിഗോളമായി മാറുകയായിരുന്നു എയര്‍ ഇന്ത്യ ബോയിങ് 787 വിമാനം. ക്രൂവടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. അപകടത്തില്‍ പത്തനംതിട്ടക്കാരി രഞ്ജിതയുമുണ്ട്. ഡോക്ടര്‍മാരുടെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ ഡോക്ടര്‍മാരും മരിച്ചു.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ യാത്രമാര്‍ഗമാണ് വിമാനങ്ങള്‍. വിമാനാപകടങ്ങള്‍ അപൂര്‍വമാണെങ്കിലും അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതും ഗുരുതരവുമാണ്. ഓരോ ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും അതിന്റെ കാരണങ്ങളും വീഴ്ചകളും പഠിക്കുകയും പരിഹാര മാര്‍ഗ ങ്ങള് സ്വീകരിക്കുകയും ചെയ്യാറുണ്ട്. പ്രകൃതിപരമായും സാങ്കേതികമായും മാനവിക പിശകുകളും വിമാനാപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്.
അഹമ്മദാബാദ് വിമാനത്താവളത്തില്‍ വിമാനാപകടമുണ്ടാകുന്നത് രണ്ടാം തവണയാണ്. 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1988 ഒക്ടോബര്‍ 19ന് ആയിരുന്നു അഹമ്മദാബാദ് മറ്റൊരു വിമാനാപകടത്തെ അഭിമുഖീകരിച്ചിരുന്നത്. അന്ന് മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യന്‍ എയര്‍ ലൈന്‍സിന്റെ എ.ഐ 113 വിമാനമാണ് അപകടത്തില്‍ പെട്ടത്. 164 പേരാണ് അന്ന് മരിച്ചത്. അപകടത്തില്‍പ്പെട്ട് ബോയിങ് 737200 വിമാനത്തിന്റെ കാലപ്പഴക്കമാണ് അന്ന് ദുരന്ത കാരണമായി വിലയിരുത്തപ്പെട്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ വിമാനാപക ടങ്ങളിലൊന്നായും അഹമ്മദാബാദ് എയര്‍ ഇന്ത്യാ വിമാനാപകടം മാറി. ഇതിന് മുമ്പ് എയര്‍ ഇന്ത്യയുടെ തന്നെ മറ്റൊരു വിമാനം 2020 ആഗസ്റ്റ് ഏഴിന് കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെയായിരുന്നു അപകടം.
എയര്‍ ഇന്ത്യയുടെ ഐ.എക്സ് 344 ദുബാ യ്-കരിപ്പൂര്‍ വിമാനം 35 അടി താഴേക്ക് വീണ് 18 പേരാണ് അന്ന് മരിച്ചത്. ഇതിനെയെല്ലാം കടത്തിവെട്ടുന്ന അപകടം കൂടിയായി അഹമ്മദാബാദില്‍ സംഭവിച്ചത്. സിവിലിയന്‍ ദുരന്തങ്ങള്‍ക്ക് പുറമേ, നിരവധി സൈനിക വിമാനാപകടങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 ജെറ്റുകള്‍ ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. സാങ്കേതിക തകരാറുകള്‍ മൂലമോ പരിശീലന പറക്കലുകള്‍ക്കിടയിലോ ഉണ്ടാകുന്ന അപകടങ്ങളില്‍ നിരവധി പൈലറ്റുമാര്‍ക്ക് ജീവന് നഷ്ടപ്പെട്ട സംഭവങ്ങളുമുണ്ടായി. മൊത്തം വിമാനാപകടങ്ങളുടെ കണക്കെടുക്കുമ്പോള്‍ 65 വര്‍ഷത്തിനി ടെ രാജ്യത്ത് ഇതുവരെ 19 വിമാനാപകടങ്ങളുണ്ടായത്. ഏകദേശം 1449 പേര് മരണമടയുകയും ചെയ്തു.
ബോയിങ് വിമാനം അപകടത്തില്‍പെടുന്നത് അപൂര്‍വമാണ്. എന്നാല്‍ ബോയിങ് വിമാനങ്ങളുടെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്ന നിലയില്‍ അപകട സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദക്ഷിണ കൊറിയയില്‍ ബോയിങ് 737 വിമാനം ലാന്‍ഡിങിനിടെ അപകടത്തില്‍പ്പെട്ടിരുന്നു. വിമാനത്തിലുണ്ടായിരുന്ന 179 പേരാണ് കൊല്ലപ്പെട്ടത്. ഈ ദുരന്തം സംഭവിച്ച് ആറ് മാസം മാത്രം പിന്നിടുമ്പോഴാണ് ഇപ്പോള്‍ അഹമ്മദാബാദില്‍ വീണ്ടുമൊരു ബോയിങ് വിമാനം തകര്‍ന്നുവീണ് മറ്റൊരു വലിയ അപകടമുണ്ടായിരിക്കുന്നത്.
വന്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും മതിയായ നഷ്ടപരിഹാരം നല്കുന്നതില് വിമാനക്കമ്പനികള്‍ വീഴ്ച വരുത്തുന്നതായാണ് അനുഭവം. 21 പേര് മരിക്കുകയും 165 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കരിപ്പൂര്‍ വിമാന ദുരന്തം നടന്നിട്ട് അഞ്ച് വര്‍ഷമാകാറായി. കോവിഡിന്റെ രൂക്ഷതയില്‍ കഴിയുന്ന ജനതയെ ഞെട്ടിച്ച ദുരന്തമായിരുന്നു ഇത്. 2020 ഓഗസ്റ്റ് ഏഴിന് രാത്രി എട്ടു മണിയോടെയാണ് കരി പ്പൂര് വിമാനത്താവളത്തില്‍ ദുരന്തം പറന്നിറങ്ങിയത്. മൂന്ന് ഭാഗങ്ങളായി വിമാനം പൊട്ടിത്തകര്‍ന്നു. അന്വേഷണങ്ങളും കണ്ടെത്തലുകളും ദുരന്ത കാരണത്തെക്കുറിച്ച് തര്‍ക്കങ്ങളും പലതുണ്ടായി. എയര്‍ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിഴവ് പൈലറ്റിന്റെ ഭാഗത്തു തന്നെ എന്ന് കണ്ടെത്തി.
എന്നാല്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ തുടരുന്നവരോടു പോലും എയര്‍ ഇന്ത്യ നീതി കാണിച്ചില്ല. പരിക്കിന്റെ തോത് കണക്കാക്കി തുച്ഛമായ നഷ്ടപരിഹാരമാണ് നല്‍കിയത്. ഇതിനെതിരെ രക്ഷപ്പട്ടവര്‍ എയര്‍ ഇന്ത്യ അധികൃതര്‍ക്ക് നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ പരമാവധി നഷ്ടപരിഹാരം തന്നു തീര്‍ത്തു എന്നാണ് മറുപടി ലഭിച്ചത്. വിമാനം പറന്നുയര്‍ന്ന് യാത്ര അവസാനിക്കുന്നതിനിടയില് യാത്രക്കാര്‍ക്ക് ഏത് തരത്തിലുള്ള അപകടം പറ്റിയാലും 128 എസ്.ഡി.ആര് (ഏകദേശം ഒരു കോടി മുപ്പത് ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം നല്‍കണമെന്നതാണ് വ്യോമയാന നിയമം. അഹമ്മദാബാദ് ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടീ വിതം ടാറ്റ നഷ്ട്ടപരിഹാരം വാഗ്ദാനം ചെയ്യുമ്പോഴും കേന്ദ്ര സര്‍ക്കരും വ്യോമയാന വകുപ്പും കുറ്റക്കാര്‍ക്കെതിരെ കര്‍ക്കശ നടപടി ഉറപ്പ് വരുത്തണം. ടാറ്റ യാണെന്ന് കരുതി കണ്ണടക്കരുത്.


