കേരള തീരത്ത് ചരക്കുകപ്പലില്‍ വീണ്ടും തീപ്പിടിത്തം. കോസ്റ്റ് ഗാര്‍ഡിന്റെ സമയോചിതമായ ഇടപെടലില്‍ തീ നിയന്ത്രണവിധേയമാക്കി. സിംഗപ്പൂര്‍ പതാകയുള്ള എംവി ഇന്ററേഷ്യ ടെനാസിറ്റി എന്ന ചരക്കുകപ്പലിലാണ് തീപിടിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് കപ്പലിലെ ഡെക്കില്‍ സൂക്ഷിച്ചിരുന്ന ഒരു കണ്ടെയ്നറില്‍ തീപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
മലേഷ്യയിലെ പോര്‍ട്ട് ക്ലാങ്ങില്‍ നിന്നാണ് സിംഗപ്പൂര്‍ പതാകയുള്ള എംവി ഇന്ററേഷ്യ ടെനാസിറ്റി എന്ന ചരക്കുകപ്പല്‍ പുറപ്പെട്ടത്. കപ്പലില്‍ 1387 കണ്ടെയ്നറുകളും 25 ഫിലിപ്പീന്‍സ് സ്വദേശികളായ ജീവനക്കാരും ഉണ്ടായിരുന്നു. വിവരം ലഭിച്ചയുടനെ കോസ്റ്റ് ഗാര്‍ഡിന്റെ ഓഫ്ഷോര്‍ പട്രോള്‍ വെസ്സലായ ഐസ്ജിഎസ് സാചേത് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആകാശനിരീക്ഷണത്തിനായി കോസ്റ്റ് ഗാര്‍ഡിന്റെ ഡോര്‍ണിയര്‍ വിമാനവും സ്ഥലത്ത് വിന്യസിച്ചിരുന്നു.


