ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് യുജി ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു. ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ മെസ്സിലേക്കാണ് ഇന്ന് ഉച്ചയോടെ എയര്‍ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം തകര്‍ന്ന് വീണത്.
അപകടത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് ജീവന് നഷ്ടപ്പെട്ടെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. 25 വിദ്യാര്‍ഥികള്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഗുജറാത്ത് സ്വദേശികളായ എംബിബിഎസ് വിദ്യാര്‍ഥികളാണ് മരിച്ചത്.
അതേസമയം, വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായി സ്ഥിരീകരിച്ചു. 230 യാത്രികരും 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു.
169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്, 7 പേര് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരനുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനം തകര്‍ന്ന് വീണ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. മെഡിക്കല്‍ ഹോസ്റ്റലില്‍ നിരവധി വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. ഉച്ചസമയമായിരുന്നതിനാല്‍ കൂടുതല്‍ പേരും മെസ്സിലായിരുന്നു.


