നടനും ബിജെപി നേതാവുമായ ജി.കൃഷ്ണകുമാറിനെതിരെയുള്ള തട്ടിക്കൊണ്ടു പോകല്‍ കേസില്‍ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍. പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് പരാതിക്കാരിയെ കൃഷ്ണകുമാര്‍ ഭീഷണിപ്പെടുത്തിയതായി എഫ്ഐആറില്‍ പറയുന്നു.
കൃഷ്ണകുമാര്‍ ലൈംഗികച്ചുവയോടെ പരാതിക്കാരിയോട് സംസാരിച്ചെന്നും എഫ്ഐആറിലുണ്ട്. അതേസമയം ഈ ആരോപണങ്ങളെല്ലാം കൃഷ്ണകുമാര്‍ നിഷേധിച്ചു. ലൈംഗിക ആരോപണം ഉന്നയിക്കുന്നതിന് തെളിവ് നല്‍കാനും പണം തട്ടിയതിന് പിന്നില്‍ വലിയ സംഘം ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് സ്റ്റേറ്റ്മെന്റ് എടുത്താല്‍ പണം ട്രാന്സാക്ഷന് നടത്തിയതിന്റെ തെളിവുകള്‍ ലഭിക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
എന്നാല്‍ ജീവനക്കാരായ മൂന്ന് സ്ത്രീകള്‍ കുറ്റം സമ്മതിക്കുന്ന വീഡിയോ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നടി അഹാന കൃഷ്ണകുമാറിനോട് ദീവനക്കാര് തെറ്റ് ഏറ്റു പറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
വീഡിയോ പുറത്തുവന്നതോടെ ഇരു വിഭാഗവും നല്കിയ കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമായി വരും. ഇരു വിഭാഗവും പരാതി നല്കാന് വൈകിയതിലെ കാരണവും പൊലീസ് അന്വേഷിക്കും. 69 ലക്ഷം രൂപ സ്ഥാപനത്തിലെ ക്യൂ ആര് കോഡ് മാറ്റി ജീവനക്കാര്‍ തട്ടിപ്പ് നടത്തി എന്നതാണ് ദിയ കൃഷ്ണകുമാറിന്റെ പരാതി. ഇതിന് പിന്നാലെ ജീവനക്കാര്‍ തങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തു എന്ന പരാതി നല്‍കിയിരുന്നു. ക്യു ആര് കോഡ് മാറ്റാന്‍ നിര്‍ദേശം നല്കിയതും പണം കൈമാറാന്‍ നിര്‍ദ്ദേശിച്ചതും ദിയ ആണെന്നാണ് ജീവനക്കാരുടെ ആരോപണം. എന്നാല്‍ കൃഷ്ണകുമാറിന്റെ കുടുംബം ഇത് നിഷേധിച്ചിരുന്നു.


